പൗരത്വ നിയമം അസമില്‍ ബിജെപിയെ തിരിഞ്ഞു കൊത്തും; വിജയ പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

പൗരത്വ നിയമം അസമില്‍ ബിജെപിയെ തിരിഞ്ഞു കൊത്തും;  വിജയ പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

ഗുവാഹത്തി: ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്നവസാനിക്കുന്ന അസമില്‍ കോണ്‍ഗ്രസിന് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമം. ബംഗാളില്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് ബിജെപി നടത്തുന്ന പ്രചരണം ബംഗാളിനൊപ്പം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന അസമില്‍ തിരിച്ചടിയാകുമോ എന്ന് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

അസമില്‍ മിണ്ടാതിരിക്കുകയും ബംഗാളില്‍ പൗരത്വ നിയമത്തെക്കുറിച്ച് പറയുകയും ചെയ്യുന്ന ബിജെപിയുടെ ഇരട്ടത്താപ്പാണ് അസം പിടിക്കാന്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. അധികാരത്തിലേറ്റിയാല്‍ പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ നിയമമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം.

അതേസമയം പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളെ പൂര്‍ണമായും മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. പ്രാദേശിക പാര്‍ട്ടികള്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്ന അസമില്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ മഹാ സഖ്യത്തിലാണ്.

ബദറുദ്ദീന്‍ അ്ജ്മലിന്റെ എഐയുഡിഎഫ് ഉള്‍പ്പെടെയുള്ളവരുമായിട്ടാണ് കോണ്‍ഗ്രസ് കൈകോര്‍ത്തിരിക്കുന്നത്. അസമിലെ 35 ശതമാനത്തോളം ഇസ്ലാമിക വോട്ടുകളും എഐയുഡിഎഫിനൊപ്പമാണ് എന്നതും ബിജെപിയ്ക്ക് തിരിച്ചടിയാകുന്നു.

2016 ല്‍ ബിജെപിയുടെ സഖ്യമായിരുന്ന ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടും ഇത്തവണ മഹാ സഖ്യത്തിലാണ്. കഴിഞ്ഞ തവണ ഇവര്‍ 12 സീറ്റുകള്‍ നേടിയിരുന്നു. ഇതിന് പുറമേ പൗരത്വ നിയമത്തിനെതിരേ പ്രക്ഷോഭം നടത്തിയ അസം ജാതീയ പരിക്ഷത്തും റെയ്ജോര്‍ ദളും ബിജെപിയ്ക്ക് ശക്തമായ ഭീഷണിയാണ്. അസമില്‍ 47 ഇടങ്ങളിലും ബംഗാളില്‍ 30 മണ്ഡലങ്ങളിലുമാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുക.

നടപ്പിലാക്കാനിരിക്കുന്ന പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ റജിസ്റ്ററും അസമില്‍ ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അസമില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ ബിജെപി പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മിണ്ടുന്നേയില്ല. പൗരത്വ റജിസ്റ്ററിന്റെ കാര്യത്തില്‍ തിരുത്തുമെന്ന വാഗ്ദാനവുമുണ്ട്്. ദേശീയ റജിസ്റ്ററില്‍ 19 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.