അതിസമ്പന്നരുടെ പട്ടികയിൽ ആറ്‌ മലയാളികൾ

അതിസമ്പന്നരുടെ പട്ടികയിൽ ആറ്‌ മലയാളികൾ

കൊച്ചി: ഫോബ്‌സ് മാസിക പ്രസിദ്ധികരിച്ച ഇന്ത്യക്കാരായ ഏറ്റവും വലിയ 100 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇത്തവണ ആറ്‌ മലയാളികൾ. ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റാണ് 480 കോടി ഡോളർ (35,500 കോടി രൂപ) ആസ്തിയുമായി മലയാളികളിൽ മുന്നിലുള്ളത്. സഹോദരന്മാരുടെ കൂടി സമ്പത്ത് കണക്കിലെടുത്താണ് ഇത്. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്വർണപ്പണയത്തിന് വൻതോതിൽ ഡിമാൻഡ് കൂടിയത് മൂലം ഓഹരി വില ഉയർന്നതാണ് മുത്തൂറ്റ് ഫിനാൻസ് ഉടമകളുടെ സമ്പത്തിൽ വലിയ വളർച്ചയുണ്ടാക്കിയത്.

അതേസമയം, ഒറ്റയ്ക്കുള്ള സമ്പത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മുന്നിൽ. 445 കോടി ഡോളറാണ് (32,900 കോടി രൂപ) അദ്ദേഹത്തിന്റെ സമ്പാദ്യം. ബൈജൂസ് ലേണിങ് ആപ്പ്’ സ്ഥാപകൻ ബൈജു രവീന്ദ്രൻ (305 കോടി ഡോളർ-22,570 കോടി രൂപ), ഇൻഫോസിസ് സഹ-സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (260 കോടി ഡോളർ-19,240 കോടി രൂപ), ജെംസ് എജ്യൂക്കേഷൻ ചെയർമാൻ സണ്ണി വർക്കി (185 കോടി ഡോളർ-13,700 കോടി രൂപ), ഇൻഫോസിസ് സഹ-സ്ഥാപകൻ എസ്.ഡി. ഷിബുലാൽ (156 കോടി ഡോളർ-11,550 കോടി രൂപ) എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു മലയാളികൾ.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഇന്ത്യക്കാരായ ശതകോടീശ്വരന്മാരിൽ ഒന്നാം സ്ഥാനത്ത്. തുടർച്ചയായ 13-ാം വർഷമാണ് അംബാനി ഒന്നാം സ്ഥാനത്ത് എത്തുന്നത്. 8,870 കോടി ഡോളറാണ് (6.56 ലക്ഷം കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്, ആസ്‌തി 2,520 കോടി ഡോളർ (1.86 ലക്ഷം കോടി രൂപ) കോവിഡ് കാലത്തും ഇന്ത്യയിലെ ആദ്യ 100 ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തിയിൽ 14 ശതമാനം വർധനയുണ്ടായതായി ഫോബ്‌സ് മാസിക നിരീക്ഷിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.