ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ 7,890 ഇന്ത്യന്‍ പൗരന്മാര്‍ തടവുകാരായി കഴിയുന്നുണ്ടെന്ന് വിദേശ കാര്യ മന്ത്രാലയം. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും വിചാരണ കാത്തിരിക്കുന്നവരും ഇതില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ പകുതിയിലേറെ ഗള്‍ഫ് രാജ്യങ്ങളിലാണെന്നും വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലിലുള്ളത്, 1570 പേര്‍. യുഎഇ 1292, കുവൈറ്റ് 460, ഖത്തര്‍ 439, ബഹ്റൈന്‍ 178, ഇറാന്‍ 70, ഒമാന്‍ 49 എന്നിങ്ങനെയാണ് കണക്ക്. ഏഴ് അയല്‍രാജ്യങ്ങളില്‍ നേപ്പാളിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലുകളിലുള്ളത്, 886 പേര്‍. പാകിസ്താന്‍ 524, ചൈന 157, ബംഗ്ലാദേശ് 123, ഭുട്ടാന്‍ 91, ശ്രീലങ്ക 67, മ്യാന്‍മര്‍ 65. യുഎസില്‍ 267 ഇന്ത്യന്‍ പൗരന്മാര്‍ ജയിലുകളിലുണ്ട്. യുകെ 373, സിംഗപ്പൂര്‍ 409, മലേഷ്യ 71, ഫലിപ്പൈന്‍സ് 41, തായ്ലന്‍ഡ് 23, ഇന്‍ഡോനേഷ്യ 20 എന്നിങ്ങനെയാണ് കണക്കുകള്‍.
പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഇന്ത്യന്‍ പൗരന്മാരെ ജയിലില്‍ അടയ്ക്കുന്ന സംഭവങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വിദേശ മന്ത്രാലയവും എംബസികളും ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
സാധ്യമായ സഹായങ്ങള്‍ക്കു പുറമേ ആവശ്യമുള്ളിടത്ത് നിയമസഹായം ലഭ്യമാക്കാനും ശ്രദ്ധിക്കുന്നുണ്ട്. ശിക്ഷിക്കപ്പെട്ട വ്യക്തികളെ കൈമാറുന്നതിനുള്ള ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍ വിദേശ ജയിലുകളിലുള്ള ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും ആശയവിനിമയും നിരന്തരം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പല രാജ്യങ്ങളും സ്വകാര്യതാ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. അതിനാല്‍ തടവിലായ ആളുടെ സമ്മതമില്ലാതെ അവരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കില്ല. തടവിലായെന്ന വിവരം പങ്കുവെക്കുന്ന രാജ്യങ്ങള്‍പോലും കൂടുതല്‍ വ്യക്തിവിവരങ്ങള്‍ നല്‍കാറില്ലെന്ന് മുരളീധരന്‍ കഴിഞ്ഞമാസം സഭയില്‍ പറഞ്ഞിരുന്നു.
ഇന്ത്യന്‍ തടവുകാര്‍ ഏറെയുള്ള രാജ്യങ്ങളില്‍ പ്രാദേശിക അഭിഭാഷക സമിതിയെ സജ്ജമാക്കിയിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.