ചെന്നൈ: വിചിത്രമായ പ്രകടനപത്രിക പുറത്തിറക്കി തമിഴ്നാട് നിയമസഭാ മത്സരാര്‍ത്ഥി. എല്ലാവര്‍ക്കും ചന്ദ്രനില്‍ പോകാം, ഒരു കോടി രൂപ ലഭിക്കും, പിന്നെ ചെറിയ ഹെലിക്കോപ്റ്ററും വീട്ടമ്മമാരുടെ ജോലി കുറയ്ക്കാന്‍ റോബോട്ടും ഉണ്ട്. ഇതുകൂടാതെ മൂന്നുനില വീടും കല്യാണത്തിനുള്ള ആഭരണങ്ങളും പ്രകടന പത്രികയില്‍ ഉണ്ട്. തമിഴ്നാട്ടില്‍ മധുര സൗത്തില്‍ നിന്ന് മത്സരിക്കുന്ന തുലാം ശരവണിന്റേതാണ് പ്രകടനപത്രിക.
ഇത്തരം വാഗ്ദാനങ്ങള്‍ എന്തുകൊണ്ടെന്ന് 34കാരനായ ശരവണന്‍ വിശദീകരിക്കുന്നതിങ്ങനെ- 'ചവറ്റുകുട്ട ചിഹ്നത്തിലാണ് ഞാന്‍ മത്സരിക്കുന്നത്. ഒരിക്കലും നിറവേറ്റാത്ത വാഗ്ദാനങ്ങളില്‍ വീഴാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ വോട്ടുകള്‍ ചവറ്റുകുട്ടയില്‍ എറിയാം എന്ന സന്ദേശം നല്‍കുകയാണ് ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുവരുന്ന ഞാന്‍ 20000 രൂപ പലിശയ്‌ക്കെടുത്താണ് നാമനിര്‍ദേശം സമര്‍പ്പിച്ചതും തെരഞ്ഞെടുപ്പ് ചെലവുകള്‍ നടത്തുന്നതും. ജനങ്ങളുടെ ക്ഷേമത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരു പ്രാധാന്യവും നല്‍കുന്നില്ല. അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ യുവാക്കള്‍ക്ക് ജോലി നല്‍കാനോ കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കാനോ ശുദ്ധവായു ഉറപ്പാക്കാനോ നദികളെ ബന്ധിപ്പിക്കാനോ ശ്രമിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ പണം വലിച്ചെറിയുന്നു. ശരിയായ തീരുമാനമെടുക്കാന്‍ അനുവദിക്കാതെ ആളുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു. അവര്‍ രാഷ്ട്രീയം മലിനമാക്കി സമ്പന്നരുടെ സംരക്ഷകരായി മാറി'.
തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങളില്‍ വീണുപോകുന്നതിനെതിരെ അവബോധമുണ്ടാക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുള്ള ശരവണന്‍ പറയുന്നു. തന്‍റെ കയ്യില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പണമില്ല. പക്ഷേ തന്‍റെ വാഗ്ദാനങ്ങള്‍ വാട്സ് ആപ്പില്‍ വൈറലാണ്. ആളുകള്‍ ഈ വാഗ്ദാനങ്ങളെ കുറിച്ചും എന്തുകൊണ്ട് അത്തരം വാഗ്ദാനങ്ങളെന്നും ചിന്തിക്കുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും ഇത് തന്‍റെ വിജയമാണെന്ന് ശരവണന്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.