കൊല്ലം ബിഷപ്പിനെതിരായ വിമര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപക്വവും അല്പത്തവുമെന്ന് ലത്തീന്‍ സഭ

കൊല്ലം ബിഷപ്പിനെതിരായ വിമര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപക്വവും അല്പത്തവുമെന്ന് ലത്തീന്‍ സഭ

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ലത്തീന്‍ സഭ. കൊല്ലം രൂപതാ മെത്രാന്റെ ഇടയലേഖനത്തെ വിമര്‍ശിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപക്വവും അല്പത്തവുമെന്നായിരുന്നു കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കൊല്ലം രൂപത കമ്മിറ്റിയുടെ വിമര്‍ശനം. മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളെ കൊണ്ട് പുലഭ്യം പറയിക്കുകയാണെന്നും അസോസിയേഷന്‍ ആരോപിച്ചു.

സര്‍ക്കാറിനെതിരായ ഇടയ ലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതേപടി ഉന്നയിക്കുന്നത് ശരിയാണോയെന്ന് പരിശോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

തന്റെ ജനതയുടെ തൊഴിലും തൊഴിലിടവും അവര്‍ക്കു അന്യമാകുന്ന അവസ്ഥ കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്ത ഇടയന്റെ ശബ്ദമാണ് ഇടയലേഖനത്തിലൂടെ വിശ്വാസികള്‍ ശ്രവിച്ചത്. അതിനെ പാര്‍ട്ടി സൈബര്‍ ഗുണ്ടകളെ കൊണ്ടു പുലഭ്യം പറയിക്കുന്നതും സ്വന്തം നിലവിട്ടു മുഖ്യമന്ത്രി തന്നെ വിമര്‍ശനവുമായി വന്നതും സമുദായം വിലയിരുത്തി തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. മത്സ്യതൊഴിലാളികളുടെ ആശങ്കകള്‍ പങ്കുവച്ച ഇടയലേഖനത്തെ വിമര്‍ശിച്ച മണിക്കൂറുകളില്‍ത്തന്നെ ഇ.എം.സി.സി കരാറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കു പുറത്തുവന്നതിനെപ്പറ്റി അദ്ദേഹത്തിനെന്താണ് പറയാനുള്ളതെന്നും അസോസിയേഷന്‍ ചോദിച്ചു.

നുണകള്‍ മാത്രം പറഞ്ഞു മത്സ്യതൊഴിലാളി സമൂഹത്തെ ഇനിയും പറ്റിക്കാമെന്നു കരുതരുതെന്നും സത്യം പറയുന്നവരെ ആക്ഷേപിക്കരുതെന്നും കെ.എല്‍.സി.എ ആവശ്യപ്പെട്ടു. കൊല്ലം മെത്രാനെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ഇതുവരെയും ചെയ്ത കാര്യങ്ങള്‍ ഏറ്റുപറഞ്ഞു തിരുത്തുകയും, ഇത്തരം നിലമറക്കുന്ന പ്രസ്താവനകളില്‍ നിന്നും പിന്തിരിയുകയും വേണമെന്ന് സമിതി ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.