കടുത്തുരുത്തിയില്‍ കടുത്ത പോര്; അങ്കത്തട്ടില്‍ മോന്‍സ് ജോസഫും സ്റ്റീഫന്‍ ജോര്‍ജും

കടുത്തുരുത്തിയില്‍ കടുത്ത പോര്; അങ്കത്തട്ടില്‍ മോന്‍സ് ജോസഫും സ്റ്റീഫന്‍ ജോര്‍ജും

കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന നിയോജക മണ്ഡലങ്ങളിലൊന്നാണ് കടുത്തുരുത്തി. കെ.എം മാണിയുടെ ജന്മനാടായ മരങ്ങാട്ടുപള്ളി ഉള്‍പ്പെടുന്ന കടുത്തുരുത്തി കേരളാ കോണ്‍ഗ്രസുകള്‍ക്ക് ശക്തമായ അടിത്തറയുള്ള ഒരു മണ്ഡലം കൂടിയാണ്. പാലാ, ചങ്ങനാശേരി, കടുത്തുരുത്തി ഇത് മൂന്നും കേരളാ കോണ്‍ഗ്രസുകാരുടെ അഭിമാന മണ്ഡലങ്ങളായാണ് കരുതപ്പെടുന്നത്.

യുഡിഎഫിലും എല്‍ഡിഎഫിലും മാറി മാറി മത്സരിച്ചിട്ടുള്ള കേരള കോണ്‍ഗ്രസുകാരുടെ തുറന്നപോരാണ് കടുത്തുരുത്തി മണ്ഡലത്തില്‍. സിറ്റിങ് എംഎല്‍എയായ മോന്‍സ് ജോസഫിനെ നേരിടാന്‍ മുന്‍ എംഎല്‍എ കൂടിയായ സ്റ്റീഫന്‍ ജോര്‍ജിനെയാണ് എല്‍ ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ലിജിന്‍ലാലാണ് ഇവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

മോന്‍സിന് വ്യക്തിപരമായി മണ്ഡലത്തിലുള്ള ബന്ധങ്ങളും ജനകീയ അടിത്തറയും വിജയത്തിലേക്ക് നയിക്കുമെന്ന് യു ഡി എഫ് കരുതുമ്പോള്‍ ജോസ് കെ മാണി വിഭാഗം കേരളാ കോണ്‍ഗ്രസ്സിനുള്ള ശക്തമായ അടിത്തറ തങ്ങളുടെ വിജയത്തിന് ഉപകരിക്കുമെന്ന് ഇടത് പക്ഷവും കണക്ക് കൂട്ടുന്നു.

1996 ലും, 2006 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണയും മണ്ഡലത്തെ നിയമ സഭയില്‍ പ്രതിനിധീകരിച്ച മോന്‍സ് ജോസഫ് 2016 ലെ തെരഞ്ഞെടുപ്പില്‍ ഇടത് പക്ഷജനാധിപത്യ മുന്നണിയുടെ തരംഗത്തെ അതിജീവിച്ച് വന്‍ ഭൂരിപക്ഷത്തോടെയാണ് സ്‌കറിയാ തോമസിനെ പരാജയപ്പെടുത്തിയത്. 2001 ല്‍ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ മോന്‍സിനെ പരാജയപ്പെടുത്തി സ്റ്റീഫന്‍ ജോര്‍ജ്ജാണ് കടുത്തുരുത്തിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. ഇപ്പോഴത്തെ എം എല്‍ എ യും മുന്‍ എം എല്‍ യും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് കടുത്തുരുത്തി ഇത്തവണ സാക്ഷ്യം വഹിക്കുന്നത്.

2001ല്‍ ജോസഫ് വിഭാഗം എല്‍ഡിഎഫില്‍ ആയിരിക്കെ മോന്‍സിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ചയാളാണ് സ്റ്റീഫന്‍ ജോര്‍ജ്. തദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ 9 പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. പാര്‍ട്ടി വോട്ടുകള്‍ക്കൊപ്പം ഇടത് മുന്നണിയുടെ സഹായം കൂടി ലഭിക്കുന്നതോടെ വിജയം ഉറപ്പിക്കാമെന്നാണ് സ്റ്റീഫന്റെ പ്രതീക്ഷ.

പി ജെ ജോസഫിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ മോന്‍സും ജോസ് വിഭാഗത്തിന്റെ ശക്തനായ വക്താവായ സ്റ്റീഫനും തമ്മിലുള്ള മത്സരം ഇരു കേരളാ കോണ്‍ഗ്രസ്സുകള്‍ക്കും അഭിമാനപ്പോരാട്ടമാണ്. കര്‍ഷകര്‍ക്കും കത്തോലിക്കാ സഭയ്ക്കും ഭൂരിപക്ഷമുള്ള കടുത്തുരുത്തിയില്‍ ട്രാക്ടര്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന മോന്‍സ് ജോസഫാണോ, രണ്ടിലയുമായി നില്‍ക്കുന്ന സ്റ്റീഫന്‍ ജോര്‍ജ് ആണോ കടുത്ത മത്സരാനന്തരം കടുത്തുരുത്തിയുടെ പ്രതിനിധിയാകുക എന്ന് കാത്തിരുന്ന് കാണാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.