തിരുവനന്തപുരം: സോളാര്‍ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയെങ്കിലും കെ.സി വേണുഗോപാല്‍, അടൂര്‍പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍ കുമാര്‍, എ.പി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച്. എന്നാല്‍ പരാതിക്കാരി ആവശ്യമായ തെളിവുകള്‍ നല്‍കുന്നില്ലെന്നും ക്രൈംബ്രാഞ്ച് കേന്ദ്ര ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ സുപ്രധാന സാക്ഷിയും പരാതിക്കാരിയുടെ ടീം സോളാര്‍ കമ്പനിയിലെ ജീവനക്കാരനുമായ മോഹന്‍ദാസ് പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ നിഷേധിച്ചു. സാക്ഷികളില്‍ ചിലര്‍ മരിച്ചു. നേതാക്കള്‍ക്കെതിരെ സാങ്കേതിക തെളിവുകള്‍ ഉണ്ടെന്ന് പരാതിക്കാരി അവകാശപ്പെട്ടെങ്കിലും ആവര്‍ത്തിച്ച് നോട്ടീസ് നല്‍കിയെങ്കിലും അത് ഹാജരാക്കിയില്ലെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംഭവം നടന്നുവെന്ന പറയുന്ന സമയത്തെ അടൂര്‍ പ്രകാശിന്റെ ടൂര്‍ രേഖകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചുവെന്ന അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയിലും അന്വേഷണം നടന്നുവരികയാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഹോട്ടല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചുവരികയാണ്. ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്യുകയും ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധിക്കുകയും ചെയ്തു. സംഭവ സമയത്തെ വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും പരാതിക്കാരി അത് ഹാജരാക്കിയില്ല.
കെസി വേണുഗോപാലിനെതിരേയും എ.പി അനില്‍ കുമാറിനെതിരെയുള്ള കേസിലും പീഡനം നടന്നതിനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പരാതിക്കാരി അത് ഹാജരാക്കിയിട്ടില്ല. ഏഴ് വര്‍ഷം കഴിഞ്ഞതിനാല്‍ മൊബൈല്‍ ഫോണ്‍ രേഖകളും കിട്ടിയിട്ടില്ല. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
ഹൈബി ഈഡനെതിരായ കേസിലെ അന്വേഷണം കുറച്ചുകൂടി മുന്നോട്ടു പോയതായാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. സംഭവ സമയത്ത് ധരിച്ചിരുന്ന സാരി പരാതിക്കാരി ഹാജരാക്കുകയും അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായും ക്രൈം ബ്രാഞ്ച് പറയുന്നു. സംഭവം നടന്ന സമയത്ത് എംഎല്‍എ ഹോസ്റ്റലിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു.
സാങ്കേതിക തെളിവുകളും അഭാവം, കാലപ്പഴക്കം എന്നിവ അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചതിനു ശേഷമാവും കേസ് ഏറ്റെടുക്കണോ എന്ന് സിബിഐ തീരുമാനമെടുക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.