കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; നിയമപരമായി നിലനില്‍ക്കില്ലെന്ന് വിദഗ്ധര്‍

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; നിയമപരമായി നിലനില്‍ക്കില്ലെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. തികച്ചും അപ്രതീക്ഷിതമായ നീക്കത്തിലൂടെ ഇന്ന് അടിയന്തിരമായ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്. റിട്ട. ജഡ്ജി കെ.വി.മോഹനനാണ് കമ്മിഷന്‍ അധ്യക്ഷന്‍.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉള്‍പ്പെടെ അഞ്ചു പ്രധാനപ്പെട്ട വിഷയങ്ങളാണ് കമ്മിഷന്റെ പരിഗണനയില്‍ ഉള്‍പ്പെടുന്നത്. വികസന പദ്ധതികള്‍ തടസ്സപ്പെടുത്തുന്നുവെന്നും ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടുന്നുവെന്നും ആരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യമാണ്. ഒപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തി, അങ്ങനെ സമ്മര്‍ദം ചെലുത്തിയെങ്കില്‍ അത് ആരൊക്കെ, ഇതിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ തുടങ്ങിയ കാര്യങ്ങളും കമ്മിഷന്‍ പരിഗണിക്കും. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിരിക്കുന്നത്.

ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷനായി ജസ്റ്റിസ്. വി.കെ. മോഹനനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവിന് ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം കൂടി ആവശ്യമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി കൂടി ലഭിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുക.

എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം നിയമപരമായി നിലനില്‍ക്കില്ലെന്നും ഈ നീക്കം കൊണ്ട് പറയത്തക്ക ഗുണം സര്‍ക്കാരിന് ലഭിക്കില്ലെന്നുമാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് തുടര്‍ നടപടികള്‍ സ്വീകരിക്കാനാവില്ല.

പിന്നീടുള്ള നിയമ വഴികളില്‍ മറ്റ് ഫയലുകളോടൊപ്പം കമ്മീഷന്‍ റിപ്പോര്‍ട്ടും ഒരു സപ്പോര്‍ട്ടിംഗ് ഫയലായി വയ്ക്കാനാകും എന്നത് മാത്രമാണ് ഇതുകൊണ്ടുള്ള മെച്ചമെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വെറുമൊരു രാഷ്ട്രീയ നീക്കം മാത്രമാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.