കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി; റെയ്ഡ് വെറും ഊളത്തരമെന്ന് ധനമന്ത്രി

കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി; റെയ്ഡ് വെറും ഊളത്തരമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബി ഓഫീസില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിനെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും. കിഫ്ബിയെ തകര്‍ക്കാനാണ് ശ്രമമെന്നും നികുതി കാര്യങ്ങളറിയാന്‍ വ്യവസ്ഥാപിതമായ രീതികളുണ്ടെന്നും എന്തിനാണ് രാത്രി ഓഫീസില്‍ വന്നു കയറുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ക്കെതിരെ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിനിടെയാണ് മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പ്രതികരണം.

കിഫ്ബിയ്ക്ക് സാമ്പത്തിക സ്ഥാപനം എന്ന നിലയില്‍ റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ട്. കിഫ്ബിയെ അന്വേഷണ ഏജന്‍സികള്‍ക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കിഫ്ബിയ്ക്കതിരായ പുതിയ നീക്കം സ്ഥാപനത്തിന്റെ സല്‍പ്പേര് നശിപ്പിക്കാനാണെന്ന് തോമസ് ഐസക് ആരോപിച്ചു. കിഫ്ബി റെയഡ് തെമ്മാടിത്തരം മാത്രമല്ല, വെറും ഊളത്തരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇത് ഹൂളിഗനിസത്തിന്റെ മികച്ച ഉദാഹരണമാണ്. ഇതുവരെ കിഫ്ബിയില്‍ നിന്ന് ആദായനികുതി അടയ്ക്കാനായി സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിളുകള്‍ക്ക് കൈമാറിയ തുക അടക്കാതിരുന്നിട്ടില്ലെന്നും കാശ് മേടിച്ചു പോക്കറ്റിലിട്ട ശേഷമാണ് റെയ്ഡ് നടത്തുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.

100 കോടി രൂപയുടെ കരാറില്‍ 10 കോടി രൂപ ആദായനികുതി വിഹിതമാണെങ്കില്‍ 10 കോടി രൂപ എസ്പിവിയ്ക്ക് കൈമാറുമെന്നും ഇങ്ങനെയാണ് ബിഡ് ചെയ്യുന്നതെന്നും തോമസ് ഐസക് പറഞ്ഞു. എസ്പിവിയുമായി ഇങ്ങനെയാണ് കരാറെന്നാണ് സര്‍ക്കാര്‍ ഉത്തരവിലും വ്യക്തമാക്കിയിട്ടുള്ളത്. ഇതുവരെ ആദായനികുതി ഡിഡക്ഷനായി വിവിധ എസ്പിവികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഐസക് വ്യക്തമാക്കി. ഇക്കാര്യങ്ങളില്‍ നേരത്തെ തന്നെ വിശദീകരണം കൊടുത്തിട്ടുണ്ട്. ആരെങ്കിലും ആദായനികുതി അടച്ചിട്ടില്ലെങ്കില്‍ എസിപിവിയിലാണ് പരിശോധിക്കേണ്ടെതന്നും ഇവിടെ മെക്കിട്ടു കയറണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.

ഡല്‍ഹിയിലെ യജമാനന്മാര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന കൂട്ടമായി ആദായനികുതിവകുപ്പും ഐആര്‍എസും അധപതിച്ചെന്നും നികുതിയായി കിട്ടുന്ന കാശ് മേടിച്ച് പോക്കറ്റിലിട്ട ശേഷമാണ് ഇവര്‍ റെയ്ഡ് നടത്തുന്നതെന്നും ഐസക് ആരോപിച്ചു. 'എന്താണ് ഇവര്‍ക്ക് അറിയേണ്ടത്?കിഫ്ബി ഓഫീസില്‍ വന്ന് ഈ കടലാസെല്ലാം പരതി എന്താണ് കണ്ടുപിടിക്കാന്‍ പോകുന്നത്? കിഫ്ബിയുടെ മുഴുവന്‍ പേയ്‌മെന്റും പ്രൊജ്ക്ടുകളും അറിയാന്‍ പ്രൊജക്ട് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ മുഴുവന്‍ പാസ്‌വേഡും കൊടുക്കാം.' തോമസ് ഐസക് പറഞ്ഞു.

റെയ്ഡ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ചില ഉത്തരങ്ങള്‍ തൃപ്തിയായില്ല, അതുകൊണ്ടാണ് പരിശോധിക്കാന്‍ വന്നതെന്നണ് മഞ്ജിത് സിങ് പറഞ്ഞത്. കിഫ്ബി സിഇഒ കെ.എം എബ്രഹാമിനോട് ചോദിക്കുന്നത് വാട്‌സാപ്പ് വഴിയുള്ള ചോദ്യങ്ങളാണെന്നും മഞ്ജിത് സിങിന് വിവരമില്ലെങ്കില്‍ സഹാറ കേസില്‍ സുപ്രീം കോടതി എന്താണ് പറഞ്ഞിട്ടുള്ളതെന്ന് പോയി വായിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.