ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിയ്ക്കും: പണി തുടങ്ങിയെന്നും ആന്റണി

ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിയ്ക്കും: പണി തുടങ്ങിയെന്നും ആന്റണി

തിരുവനന്തപുരം: ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ബിജെപി സിപിഎമ്മിന് വോട്ട് മറിയ്ക്കുമെന്നും ബിജെപിയിലെ ഒരു പ്രധാനിയുടെ നേതൃത്വത്തില്‍ ഇതിനുള്ള നീക്കം നടക്കുന്നുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി. കോണ്‍ഗ്രസില്ലാത്ത ഇന്ത്യയാണ് ബിജെപി ആഗ്രഹിക്കുന്നത്. അതിനായി ശത്രുവിന്റെ ശത്രുവിനെ മിത്രമായി കണ്ടാണ് വോട്ട് മറിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സഹായഹസ്തം നീട്ടുമ്പോള്‍ സിപിഎം ഇരുകൈയ്യും നീട്ടി സ്വീകരിക്കും. കാരണം അവര്‍ക്ക് എങ്ങനെയെങ്കിലും തുടര്‍ ഭരണം കിട്ടിയാല്‍ മതി. കോണ്‍ഗ്രസ് അനുഭാവികള്‍ അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ കാണിക്കുന്ന ജാഗ്രതയോടെ കണ്ണുകള്‍ തുറന്നിരിക്കണമെന്ന് ആന്റണി മുന്നറിയിപ്പ് നല്‍കി. മഹാഭൂരിപക്ഷം വോട്ടര്‍മാരും എല്‍ഡിഎഫ് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് തന്നെയാണ് യുഡിഎഫിന്റെ വിജയസാധ്യതകള്‍ സജീവമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫ് അനുഭാവികള്‍ പോലും തുടര്‍ ഭരണം ആഗ്രഹിക്കുന്നില്ല. തങ്ങള്‍ ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനം ബംഗാളില്‍ ഇല്ലാതായതുപോലെ കേരളത്തിലും നശിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ യുഡിഎഫിന് വോട്ട് ചെയ്യും. തുടര്‍ ഭരണം വേണ്ട, യുഡിഎഫ് വന്നോട്ടെ എന്നാണവരുടെ ചിന്ത.

പിണറായിയെ നിയന്ത്രിക്കാന്‍ ആളില്ലാത്തതാണ് പാര്‍ട്ടിക്ക് പറ്റിയ അബദ്ധം. പിണറായി കഴിഞ്ഞാല്‍ മറ്റൊരു നേതാവിനെ അവര്‍ക്ക് ചൂണ്ടിക്കാട്ടാനില്ല. 25 വര്‍ഷത്തേക്കുള്ള നേതാക്കളെയാണ് തങ്ങള്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നത്. പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ ഏകാധിപത്യ ഭരണമായിരിക്കും. അദ്ദേഹത്തെ നിയന്ത്രിക്കാന്‍ പൊളിറ്റ് ബ്യൂറോയ്‌ക്കോ പാര്‍ട്ടിക്കോ കഴിയില്ലെന്നും ആന്റണി ആവര്‍ത്തിച്ചു.

തിയേറ്റര്‍ എഫക്ടുള്ള നേതാവാണ് നരേന്ദ്ര മോഡിയെന്നും ആന്റണി പറഞ്ഞു. സിനിമാ താരങ്ങളെ വെല്ലും വിധം മോഡി ആക്ഷന്‍ ഹീറോയായി വേദികളില്‍ പ്രത്യക്ഷപ്പെടുന്നു. ആ വൈകാരികത ഒരുഘട്ടം കഴിഞ്ഞാല്‍ താഴും. പിന്നെ ജനങ്ങള്‍ യുക്തിയിലേക്ക് വരും. രാമക്ഷേത്രം വികാരമായത് ബിജെപി ചൂഷണം ചെയ്തു. എന്നാല്‍ എല്ലാ മതസ്ഥരും ഇന്ത്യയില്‍ ഒന്നിച്ച് ജീവിച്ചേ പറ്റൂ. ആ സത്യം മനസിലാക്കുമ്പോള്‍ ബിജെപിയുടെ പ്രസക്തി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമത്ത് ഒ. രാജഗോപാലിന് സഹതാപവോട്ടാണ് കിട്ടിയത്. അത് ഇത്തവണ ഉണ്ടാവില്ല. കെ. മുരളീധരന്‍ പോരാളിയാണ്. ചാണക്യബുദ്ധിയുണ്ടായിരുന്ന കെ. കരുണാകരന്റെ മകനാണ്. ബിജെപി അതിന്റെ വളര്‍ച്ചയുടെ പാരമ്യതയിലെത്തി. ബിഡിജെഎസ് കൂടെയില്ലായിരുന്നെങ്കില്‍ ബിജെപിയുടെ അവസ്ഥ പരിതാപകരമായേനെയെന്നും ആന്റണി പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.