കേരളത്തില്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ തുല്യമായി വിതരണം ചെയ്യണം: തോമസ് ചാഴിക്കാടന്‍ എംപി

കേരളത്തില്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ തുല്യമായി വിതരണം ചെയ്യണം: തോമസ് ചാഴിക്കാടന്‍ എംപി

ന്യൂഡല്‍ഹി: രാജ്യത്തെ ക്രൈസ്തവരുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി പഠിക്കാന്‍ സച്ചാര്‍ കമ്മിറ്റി മാതൃകയില്‍ കമ്മിറ്റി രൂപീകരിക്കണമെന്നും കേരളത്തില്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ തുല്യമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നും തോമസ് ചാഴിക്കാടന്‍ എം.പി.

മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലെ അന്തരം ലോക്‌സഭയില്‍ ചോദ്യോത്തര വേളയില്‍ ചൂണ്ടിക്കാണിക്കുകയായിരുന്നു കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍നിന്നുള്ള എംപി. ഓരോ സമുദായത്തിലെയും ജനസംഖ്യയെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങള്‍ തുല്യമായി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കായി നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചു.

ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതി അറിയാന്‍ സച്ചാര്‍ കമ്മിറ്റി രൂപീകരിച്ചതു പോലെ ക്രൈസ്തവരുടേതു പഠിക്കാനും കേന്ദ്രസര്‍ക്കാര്‍ കമ്മീഷന്‍ രൂപീകരിക്കണം. കേരളത്തില്‍ രണ്ട് ന്യൂനപക്ഷ സമുദായങ്ങള്‍ മാത്രമേയുള്ളൂ-ക്രിസ്ത്യാനികളും മുസ്ലിംകളും. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ 18.38 ശതമാനം ക്രിസ്ത്യാനികളും 26.56 ശതമാനം മുസ്ലീംകളുമാണ്. സംസ്ഥാനത്തെ ജനസംഖ്യ കണക്കിലെടുത്ത് വിവിധ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ തുല്യമായി വിതരണം ചെയ്യണം. എന്നാല്‍ കേരളത്തില്‍ 80:20 അനുപാതത്തിലാണ് ഇത് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സഭാ നേതാക്കളും ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലെ അപാകത ചൂണ്ടിക്കാണിച്ച്, അത് ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നതയായി ഈ പ്രശ്‌നം മാറിയിരിക്കുന്നു. അടുത്തിടെ നടന്ന ഒരു യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സഭാ നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

കേരളത്തില്‍ ക്രിസ്ത്യാനികള്‍ വളരെയധികം പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. ഭൂരിഭാഗവും പേരുടെയും തൊഴില്‍ കൃഷിയാണ്. കാര്‍ഷിക സമൂഹം ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും തോമസ് ചാഴിക്കാടന്‍ എംപി ചൂണ്ടിക്കാട്ടി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.