കണ്ണൂരില്‍ തപാല്‍ വോട്ട് അട്ടിമറിക്കുവാന്‍ ശ്രമം; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കണ്ണൂരില്‍ തപാല്‍ വോട്ട് അട്ടിമറിക്കുവാന്‍ ശ്രമം; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കണ്ണൂര്‍: പോളിംഗ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തപാല്‍ വോട്ട് അട്ടിമറിക്കുവാന്‍ ശ്രമമെന്ന് പരാതി. കണ്ണൂര്‍ അയ്യങ്കുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റിനെ അറിയിക്കാതെ തപാല്‍ വോട്ട് ശേഖരിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

യുഡിഎഫ് പോളിംഗ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബി.എല്‍.ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിംഗ് നടത്തുന്നതായാണ് പരാതി. പേരാവൂര്‍ മണ്ഡലത്തിലെ മുണ്ടയാപറമ്പില്‍ ഇത്തരത്തില്‍ തപാല്‍ വോട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞു.
വോട്ടിങ്ങിനായി എത്തിയ സംഘത്തിലെ പ്രിസൈഡിങ് ഓഫീസര്‍ക്കും ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ക്യാമറമാനും മാത്രമാണ് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ പേരോ, ഫോട്ടോയോ ഉണ്ടായിരുന്നില്ല എന്നും യുഡിഎഫ് ആരോപിക്കുന്നു. ഉദ്യോഗസ്ഥരെ കൂട്ട് പിടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചു.

വ്യാപകമായി തപാല്‍ വോട്ട് തിരിമറി നടത്തിയ സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.സണ്ണി ജോസഫ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, റിട്ടേണിങ്ങ് ഓഫീസര്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.