ഭക്ഷണ കിറ്റും ക്ഷേമ പെന്‍ഷനുകളും നല്‍കുന്ന തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് ഇടത് പക്ഷം. ഇപ്പോള്‍ നല്‍കുന്നതിന്റെ ഇരട്ടി തുക ക്ഷേമ പെന്‍ഷനായും അതിലേറെ ഭക്ഷ്യ കിറ്റുംസൗജന്യമായി നല്‍കാന്‍ തങ്ങളെ ജയിപ്പിക്കണമെന്ന് അവകാശപ്പെടുന്ന ഐക്യ മുന്നണി. അതിനിടയില്‍ ഈ ധാന്യങ്ങളെല്ലാം കേന്ദ്രം നല്‍കുന്നതായതിനാല്‍ ബി ജെ പി മുന്നണിയെ ജയിപ്പിക്കണമെന്ന് അവരും ഉയര്‍ത്തുന്ന അവകാശ വാദങ്ങള്‍ക്കും വീമ്പിളക്കലുകള്‍ക്കും ഇടയില്‍ കണ്‍ഫ്യൂഷന്‍ അടിച്ച് നട്ടം തിരിയുകയാണ് പൊതുജനം.
അന്നം മുടക്കികളും, അന്നം മുക്കികളും പരസ്പരം വാദ പ്രതിവാദങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ജനങ്ങള്‍ക്ക് ചോദിക്കാനുളള ഒരു ചോദ്യമിതാണ്. ഇത് ജനങ്ങളുടെ അവകാശമാണോ, അതോ രാഷ്ട്രീയക്കാരുടെ ഔദാര്യമാണോ? ഒരു രാഷ്ട്രീയക്കാരും അവരുടെ കുടുംബ സ്വത്തോ, പാര്‍ട്ടി ഫണ്ടോ പൊതു ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനോ, ഭക്ഷണം വിതരണം ചെയ്യാനോ ഉപയോഗിച്ചതായി കേട്ടിട്ടില്ല. സര്‍ക്കാരിന്റെ പൊതു ഖജനാവിലെ പൈസ പൊതുജന ക്ഷേമത്തിനല്ലാതെ പിന്നെന്തിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്. നമ്മള്‍ എടുക്കുന്ന ഓരോ ബസ് ടിക്കറ്റിനും, ലോട്ടറിക്കും, വാങ്ങുന്ന സാധനങ്ങള്‍ക്കും നല്‍കുന്ന നികുതി രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ധൂര്‍ത്ത് നടത്താനോ അഴിമതി കാണിക്കാനോ അല്ല. അതൊക്കെ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടതാണ്. ആ ഫണ്ട് ഉപയോഗിച്ച് വിശക്കുന്നവന് ഭക്ഷണം കൊടുത്തിട്ട് അതിനെ വോട്ടാക്കാന്‍ ശ്രമിക്കുന്നവരല്ലേ യഥാര്‍ത്ഥ ബൂര്‍ഷ്വകള്‍. ഭരണ വര്‍ഗത്തിന്റെ മേശയില്‍ നിന്ന് അപ്പക്കഷണങ്ങള്‍ എറിഞ്ഞ് നല്‍കി വോട്ട് പിടിക്കാന്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചാലും അതിനെ വളരെ നീചമായ നടപടി എന്ന് മാത്രമേ വിളിക്കാനാകു.
കേരളത്തിന്റെ പൊതുക്കടം മൂന്നര ലക്ഷം കോടി രൂപയാണ്. ഇ.കെ നായനാര്‍ ഭരിച്ച 1996- 2001 കാലയളവില്‍ കേരളത്തിന്റെ കടം ഇരുപത്തി അയ്യായിരം കോടിയും എ.കെ ആന്റണി ഭരിച്ച 2001-2006 കാലഘട്ടത്തില്‍ നാല്‍പ്പത്തി ഏഴായിരം കോടിയും വി.എസ് അച്യുതാനന്ദന്റെകാലഘട്ടത്തില്‍ അതായത് 2006-2011 ല്‍ 82, 486കോടിയും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2011 -2016 വര്‍ഷങ്ങളില്‍ ഒരു ലക്ഷത്തി അറുപതിനായിരം കോടിയുമായിരുന്ന പൊതുകടമാണ് ഇന്ന് മൂന്നര ലക്ഷം കോടിയിലെത്തി നില്‍കുന്നത്.
ഈ തുകയില്‍ ഭൂരിഭാഗവും വികസനത്തിനും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ചെലവഴിച്ചതെന്ന് തെറ്റിദ്ധരിക്കരുത്. ഇതൊക്കെ ഉപദേശകര്‍, പ്രത്യേക കമ്മീഷനുകള്‍, മന്ത്രിമാരുടെയുംബോര്‍ഡ് ചെയര്‍മാന്മാരുടെയും അവരുടെ പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളുടെയും ശമ്പളം, ബത്തകള്‍, ചികിത്സകള്‍ തുടങ്ങി പല കാര്യങ്ങള്‍ക്കും വേണ്ടിയാണ് ചെലവഴിച്ചിട്ടുള്ളത്. ധൂര്‍ത്തും പാഴ്ച്ചിലവുകളും അവസാനിപ്പിച്ചാല്‍ ആ തുക മാത്രം മതിയാകും 60 വയസ് തികഞ്ഞ എല്ലാവര്‍ക്കും സാമാന്യം നല്ല തുക പെന്‍ഷന്‍ നല്‍കാന്‍. ഒരു കുടുംബത്തെയും പട്ടിണിക്കിടാതെ ഭക്ഷണം കൊടുക്കാനും ഈ തുക ധാരാളം മതി. തെരഞ്ഞെടുപ്പില്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും ഒഴുക്കുന്ന കോടികളുടെ കഥകള്‍ ഇവിടെ വിസ്തരിക്കുന്നില്ല. ഇതൊക്കെ എവിടെ നിന്നാണ് എന്ന് നല്ല ബോധ്യം സാമാന്യ ബോധമുള്ള മലയാളികള്‍ക്കുണ്ടെന്ന കാര്യം രാഷ്ട്രീയ നേതാക്കന്മാര്‍ മറക്കാതിരിക്കട്ടെ.
അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇസ്രായേല്‍, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ അനേകം രാജ്യങ്ങളില്‍ സാമൂഹിക സുരക്ഷാ പദ്ധതികളുണ്ട്. സര്‍ക്കാര്‍ കുട്ടികള്‍ക്ക് നല്‍കുന്ന അലവന്‍സുകള്‍ മാത്രം ഉപയോഗിച്ച് നിത്യ ചെലവ് നടത്തിക്കൊണ്ട് പോകുന്ന മലയാളി കുടുംബങ്ങള്‍ കാനഡയിലുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ ഭക്ഷണവും താമസവും ചികിത്സയും ഉള്‍പ്പെടയുള്ള എല്ലാ ചിലവുകളും സര്‍ക്കാര്‍ വഹിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന ഇസ്രായേല്‍ ഒരു വലിയ മാതൃകയായി നമ്മുടെ മുന്നിലുണ്ട്. പെന്‍ഷനും, സൗജന്യ ഭക്ഷണവും, സൗജന്യ വിദ്യാഭ്യാസവും ലഭ്യമാക്കുന്ന ലോകത്തിലെ ഒരേ ഒരു പ്രദേശമല്ല കേരളം; ലോകത്തിലെ പല രാജ്യങ്ങളും സമൂഹിക സുരക്ഷയ്ക്കും, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വലിയ തുകകള്‍ ചിലവിടുമ്പോള്‍ അതിനെ രാഷ്ട്രീയ ഭരണ വര്‍ഗ്ഗത്തിന്റെ ഔദാര്യമെന്ന് കരുതന്നവര്‍ കേരളത്തില്‍ മാത്രമേ ഉണ്ടാകു.
ഇത് ജനങ്ങളുടെ അവകാശമാണ്. എല്ലാവര്‍ക്കും പെന്‍ഷനും അര്‍ഹരായ എല്ലാവര്‍ക്കും സൗജന്യവിദ്യാഭ്യാസവും, സൗജന്യ ചികിത്സയും, പാര്‍പ്പിടവും നല്‍കാന്‍ സര്‍ക്കാരുകള്‍ക്ക് കടമയുണ്ട്. അത് നിങ്ങളുടെ ബാധ്യതയാണ് അല്ലാതെ ഔദാര്യമല്ല.; ഒപ്പം ജനങ്ങളുടെ അവകാശവും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.