മുംബൈ: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ രാത്രി കര്‍ഫ്യൂ നിലവില്‍ വന്നതിന് പിന്നാലെ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്നാൽ ജനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദ്ദേശം നൽകിയത്.
ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ഇക്കാര്യം നിർദ്ദേശിച്ചത്.
കോവിഡ് കേസുകൾ കുതിച്ചുയരുന്നതിൽ ഉദ്യോഗസ്ഥർ യോഗത്തിൽ ആശങ്ക രേഖപ്പെടുത്തി. മരണസംഖ്യ വൻതോതിൽ ഉയർന്നേക്കുമെന്ന ആശങ്കയും ഉദ്യോഗസ്ഥർ പങ്കുവച്ചു. രോഗികളുടെ എണ്ണം വർധിക്കുന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങൾ തികയാതെ വരുന്ന സാഹചര്യവും ചർച്ചയായി. സെക്രട്ടേറിയറ്റിലേക്കും സംസ്ഥാന സർക്കാർ ഓഫീസുകളിലേക്കും ജനങ്ങൾ പ്രവേശിക്കുന്നത് തടയാൻ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ ജനം തയ്യാറാകാത്തപക്ഷം ലോക്ക്ഡൗണിലേക്ക് തന്നെ നീങ്ങേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പേയും പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് 3.75 ലക്ഷം ഐസോലേഷൻ കിടക്കകളുണ്ടെന്ന് പ്രിൻസിപ്പൽ സെക്രട്ടറി (ആരോഗ്യം) ഡോ. പ്രദീപ് വ്യാസ് യോഗത്തെ അറിയിച്ചു. ഇതിൽ 1.07 ലക്ഷം കിടക്കകൾ നിറഞ്ഞു കഴിഞ്ഞു. 60,349 ഓക്സിജൻ കിടക്കകളിൽ 12,701 എണ്ണത്തിലും നിലവിൽ രോഗികളുണ്ട്. 1881 വെന്റിലേറ്ററുകൾ നിലവിൽ സംസ്ഥാനത്ത് ലഭ്യമാണെന്നും 9030 എണ്ണത്തിൽ കോവിഡ് രോഗികൾ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നിലവില്‍ വന്നു. രാത്രി എട്ടുമുതല്‍ രാവിലെ ഏഴ് വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം മഹാരാഷ്ട്രയില്‍ ഒറ്റ ദിവസം 40,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 27.13 ലക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17,784 പേര്‍ രോഗമുക്തരായി. 108 പേര്‍ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54,181 ആയി. മുംബൈ നഗരത്തില്‍ മാത്രം ഒറ്റ ദിവസം 6923 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. എട്ടുപേര്‍ മരിച്ചു. ഇതോടെ നഗരത്തിലെ കോവിഡ് ബാധിതര്‍ 3,98,674 ആയി. മരണം 11,649 ആയി.
ഫെബ്രുവരി അവസാനം മുതലാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചതെന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇളവുകള്‍ നിലവില്‍ വരുകയും തൊഴില്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തതോടെ മാസ്‌ക്, സാമൂഹിക അകലം എന്നിവ ലംഘിക്കപ്പെട്ടു. സുരക്ഷാ മുന്‍കരുതലുകളില്‍ വന്ന ഈ വീഴ്ചയാണ് കൊവിഡ് കേസുകളുടെ വര്‍ധനവിന് കാരണമായതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.