ലൗ ജിഹാദില്‍ ഇടത് മുന്നണിയെ വെട്ടിലാക്കി ജോസ് കെ.മാണി; ഒഴിഞ്ഞു മാറി മുഖ്യമന്ത്രി: ലൗ ജിഹാദ് പച്ചയായ യാഥാര്‍ഥ്യമെന്ന് കെ.സി.ബി.സി

ലൗ ജിഹാദില്‍ ഇടത് മുന്നണിയെ വെട്ടിലാക്കി ജോസ് കെ.മാണി;  ഒഴിഞ്ഞു മാറി മുഖ്യമന്ത്രി: ലൗ ജിഹാദ് പച്ചയായ യാഥാര്‍ഥ്യമെന്ന് കെ.സി.ബി.സി

കൊച്ചി: ജോസ് കെ മാണി തുറന്നു വിട്ട ലൗ ജിഹാദ് വിവാദത്തില്‍ വെട്ടിലായി ഇടത് മുന്നണി. ജോസ് കെ മാണിയുടെ പ്രസ്താവനയെപ്പറ്റി അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞു മാറി. അക്കാര്യം ജോസ് കെ മാണിയോട് തന്നെ ചോദിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മതമൗലിക വാദികളാണ് അക്കാര്യം ഉയര്‍ത്തിപ്പിടിച്ച് ആക്ഷേപമുന്നയിക്കുന്നതെന്ന് എന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം.


ലൗ ജിഹാദ് വിഷയത്തില്‍ ഇനിയെങ്കിലും സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ജോസ് കെ മാണിയുടെ ലവ് ജിഹാദ് ആരോപണം ബിജെപി-എല്‍ഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്നാണ് മുസ്ലിം ലീഗ് ആരോപിച്ചത്.

ലൗ ജിഹാദ് സംബന്ധിച്ച് ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രതികരിച്ചു. ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലീംലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം ആരോപിച്ചു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണെന്നും ഇക്കാര്യത്തില്‍ സി.പി.എമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

പെണ്‍കുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങള്‍ ആരുടെയും മനസില്‍നിന്ന് പോയിട്ടില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സഭ എതിരല്ല. ഇത് ദുരുപയോഗം ചെയ്ത് മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് സഭ എതിര്‍ക്കുന്നതെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് പാലായിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനുമായ ജോസ് കെ.മാണി കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചര്‍ച്ചയായത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

എല്‍.ഡി.എഫിന്റെ പ്രധാന ഘടക കക്ഷികളിലൊരാളായ കേരള കോണ്‍ഗ്രസില്‍ നിന്ന് ഇത്തരമൊരു പ്രതികരണം വന്നതോടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഇടതുമുന്നണി നിര്‍ബന്ധിതരായിരിക്കുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി തയ്യാറാകണമെന്ന ആവശ്യവുമായി കാത്തലിക്ക് ഫോറം അടക്കമുള്ള സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ലൗ ജിഹാദിനെക്കുറിച്ച് ഇടത് മുന്നണിയുടെ പൊതു അഭിപ്രായമാണ് തങ്ങള്‍ക്കുമുള്ളതെന്ന് പറഞ്ഞ് ഇതു സംബന്ധിച്ച കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഇന്നലെ ജോസ് കെ മാണി ഒഴിഞ്ഞു മാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.