പാര്‍ട്ടി സ്ഥാനാര്‍ഥികളെ 'പിന്നില്‍നിന്ന് കുത്താന്‍' ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സൂക്ഷിക്കുക...ഹൈക്കമാന്‍ഡിന്റെ നിഴല്‍ സേന പിന്നാലെയുണ്ട്

 പാര്‍ട്ടി സ്ഥാനാര്‍ഥികളെ 'പിന്നില്‍നിന്ന് കുത്താന്‍' ശ്രമിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സൂക്ഷിക്കുക...ഹൈക്കമാന്‍ഡിന്റെ നിഴല്‍ സേന പിന്നാലെയുണ്ട്

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ അട്ടിമറിയ്ക്കാന്‍ നീക്കം നടത്തുന്ന പാര്‍ട്ടി നേതാക്കള്‍ ജാഗ്രതൈ. നിങ്ങളെ നിരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡിന്റെ നിഴല്‍ സേന പിന്നാലെയുണ്ട്. മികച്ച സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിന് ഹൈക്കമാന്‍ഡ് നടത്തിയ രഹസ്യ സര്‍വേയുടെ അതേ മാതൃകയിലാണ് അട്ടിമറിക്കാരായ നേതാക്കളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെടാതെ എഐസിസി നിരീക്ഷകരില്‍ നിന്നു വിവരം ശേഖരിച്ചാണ് നിഴല്‍ സേന പ്രവര്‍ത്തിക്കുന്നത്. അട്ടിമറിക്കാരായ നേതാക്കള്‍ക്കെതിരായ ശക്തമായ തെളിവുകള്‍ ശേഖരിച്ച് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്യും. കുറ്റക്കാരെന്ന് ബോധ്യപ്പെട്ടാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള വഴിയും തെളിയും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും എല്‍ഡിഎഫിനു ലഭിച്ച കൊല്ലം ജില്ലയില്‍ ഇത്തവണ യുഡിഎഫ് മുന്നേറുമെന്ന് ഇടതുമുന്നണി നേതാക്കള്‍ ഉള്‍പ്പെടെ സമ്മതിക്കുന്നുണ്ട്. എന്നാല്‍ അവിടത്തെ മുതിര്‍ന്ന നേതാക്കള്‍ പാലംവലി തുടങ്ങിയതായി ശക്തമായ വിവരങ്ങളാണു നിഴല്‍ സേനയ്ക്കു ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരം, പാറശാല, നെയ്യാറ്റിന്‍കര, ചിറയിന്‍കീഴ് മണ്ഡലങ്ങളിലെ അട്ടിമറിക്കാരെക്കുറിച്ചു പ്രാഥമിക വിവരങ്ങള്‍ നിഴല്‍ സേനയ്ക്കു ലഭിച്ചിട്ടുണ്ട്. കാലങ്ങളായി സിപിഐയുടെ കൈവശം ഇരിക്കുന്ന ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നടങ്കം രംഗത്തിറങ്ങിയാല്‍ വിജയം സുനിശ്ചിതമെന്നാണു നിഴല്‍ സേനയുടെ കണ്ടെത്തല്‍. എന്നാല്‍ ഗ്രൂപ്പ് തിരിഞ്ഞ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതും ചില സ്ഥലങ്ങളില്‍ ആരും രംഗത്ത് ഇറങ്ങാത്തതും വെല്ലുവിളിയാകുന്നുണ്ട്. ഇവര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എഐസിസി നിരീക്ഷകര്‍ മണ്ഡലത്തില്‍ എത്തി കാര്യങ്ങള്‍ വിലയിരുത്തി.

ആലപ്പുഴ, എറണാകുളം, തൃശൂര്‍ ഉള്‍പ്പെടെ മിക്ക ജില്ലകളിലെയും അട്ടിമറി നേതാക്കളെക്കുറിച്ചു കൃത്യമായ വിവരങ്ങളാണു നിഴല്‍ സേനയ്ക്കു ലഭിച്ചിരിക്കുന്നത്. വിശ്വാസ്യതയുള്ള പ്രവര്‍ത്തകരെ നിയോഗിച്ചാണ് ഇവര്‍ ആദ്യ ഘട്ടത്തില്‍ നിരീക്ഷണം നടത്തുന്നത്. പിന്നീട് നിഴല്‍ സേനയിലെ അംഗങ്ങള്‍ നേരിട്ട് എത്തി വിശദാംശങ്ങള്‍ ശേഖരിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.