ദുബായ്: റോഡ്സ് ആന്റ് ട്രാന്‍സ് പോർട്ട് അതോറിറ്റിയും കടലാസ് രഹിതമാകുന്നു. യുഎഇയുടെ പ്രഖ്യാപിത നയമായ കടലാസ് രഹിതമെന്ന ലക്ഷ്യത്തിലേക്ക് ചേർന്ന് നില്‍ക്കുകയാണ് ആർടിഎഇയും. ഇനിമുതല്‍ വാഹന നിയമലംഘനം, പിഴകള്‍ ഉള്‍പ്പടെയുളളവയ്ക്ക് എല്ലാം ഇ ടിക്കറ്റുകളായിരിക്കും നല്‍കുക.
ഇ ടിക്കറ്റുകള്‍ ഒന്നുകില്‍ ടെക്സ്റ്റ് സന്ദേശങ്ങളായോ അതല്ലെങ്കില്‍ ഇമെയിലായോ ഉപഭോക്താക്കളെ വിവരം അറിയിക്കും. ഈ രണ്ട് രീതിയിലായിരിക്കും ഏത് തരത്തിലുളള പിഴകളാണെങ്കിലും അത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ഇനിമുതല്‍ ആർടിഎയില്‍ നിന്നും സന്ദേശങ്ങളെത്തുക. കോവിഡ് പശ്ചാത്തലത്തിലാണ് അച്ചടിച്ച പേപ്പറുകള്‍ ഒഴിവാക്കി ഇ ടിക്കറ്റുകളെന്ന രീതിയിലേക്ക് മാറാനുളള തീരുമാനത്തിലേക്ക് എത്തിയത്.
അതേസമയം പരിസ്ഥിതി സംരക്ഷണത്തിലൂന്നിയാണ് കടലാസ് രഹിത എമിറേറ്റെന്നുളള ലക്ഷ്യം ദുബായ് പ്രഖ്യാപിച്ചത്. അച്ചടി സംബന്ധിച്ച ഭാരിച്ച ചെലവ് കുറയുമെന്നുളളതും പിഴ സംബന്ധിച്ച കടലാസുകള്‍ വാഹനത്തിന്റെ മുന്നില്‍ ഇടാതെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ സാധിക്കുമെന്നുളളതും നേട്ടമാണെന്നും ആർടിഎ വിലയിരുത്തുന്നു.
നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രവും നിയമംലംഘിച്ച സ്ഥലം വ്യക്തമാക്കുന്ന മാപ്പും സഹിതം വാഹനം ഓടിക്കുന്നവർക്ക് ലഭിക്കുന്ന തരത്തിൽ പുതിയൊരു ഫീച്ചർ കൂടി ആർടിഎ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കമ്പനി വാഹനമോ, വാടക വാഹനമോ ആണെങ്കില്‍, വാഹന ഉടമയ്ക്കും ഉപയോഗിക്കുന്നവർക്കും ഒരുപോലെ സന്ദേശമെത്തുന്ന രീതിയില്‍ ഇ മെയില്‍ വിലാസവും മൊബൈല്‍ നമ്പറും ചേർക്കുന്ന സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇ.യിൽ രജിസ്റ്റർ ചെയ്യാത്ത വാഹന ഉടമകൾ അറിയിപ്പുകൾ ലഭിക്കാനായി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും അധികൃതർ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾക്ക് ഗതാഗത പിഴകള്‍ വെബ്‌സൈറ്റ് വഴി അടയ്ക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.