കേരളത്തെ രാജ്യം ഉറ്റുനോക്കുന്നു; കോണ്‍ഗ്രസ് മുന്നോട്ടു വെയ്ക്കുന്നത് ഭാവിയുടെ രാഷ്ട്രീയമെന്ന് പ്രിയങ്ക

കേരളത്തെ രാജ്യം ഉറ്റുനോക്കുന്നു; കോണ്‍ഗ്രസ് മുന്നോട്ടു വെയ്ക്കുന്നത് ഭാവിയുടെ രാഷ്ട്രീയമെന്ന് പ്രിയങ്ക

കൊല്ലം: കേരളത്തിലെ തെരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേരള ജനത ആരെയാണ് തെരഞ്ഞെടുക്കുക എന്നറിയാന്‍ ഇന്ത്യക്ക് ആകാംക്ഷയുണ്ട്. മുഖ്യമന്ത്രിയും സര്‍ക്കാരും വിദേശത്തും ആഴക്കടലിലും സ്വര്‍ണം തേടുന്നു. കേരളത്തിലെ യഥാര്‍ഥ സ്വര്‍ണം ജനങ്ങളാണ്. കരുനാഗപ്പള്ളയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണു പ്രിയങ്കയുടെ ഇന്നത്തെ പര്യടനം. കായംകുളത്തെ അരിത ബാബുവിനു വോട്ടു തേടിയാണ് പ്രിയങ്കയുടെ പര്യടനം ആരംഭിച്ചത്.


യു.പിയി ല്‍ ആര്‍.എസ്.എസ്സിന്റേയും ബിജെപിയുടേയും ആളുകള്‍ ട്രെയിനില്‍ കന്യാസ്ത്രീകളെ ആക്രമിക്കുകയുണ്ടായി. ആ സംഭവം തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞത് തെരഞ്ഞെടുപ്പ് സമയം ആയതുകൊണ്ട് മാത്രമാണെന്നും പ്രിയങ്ക വ്യക്തമാക്കി. ലവ് ജിഹാദിനെപ്പറ്റി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാത്രമല്ല, എല്‍.ഡി.എഫും സംസാരിക്കുന്നുവെന്ന് പ്രിയങ്ക. യു.പി സര്‍ക്കാര്‍ ഹാഥ്റസ് കേസ് കൈകാര്യം ചെയ്തതു പോലെയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വാളയാര്‍ കേസ് കൈകാര്യം ചെയ്തത്. മോദി സര്‍ക്കാരിനെപ്പോലെ കേരളത്തിന്റെ സ്വത്ത് കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്നു. ലൗ ജിഹാദിനെപ്പറ്റി യോഗിയുടെ ഭാഷയില്‍ ഇടതുനേതാക്കള്‍ സംസാരിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിന് എന്താണ് വേണ്ടതെന്ന് ജനങ്ങള്‍ക്കറിയാം. സത്യന്ധത, സമൃദ്ധി, സംവേദന ക്ഷമത ഈ പറയുന്ന ഏതെങ്കിലും ഗുണങ്ങള്‍ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഉണ്ടോ എന്നും അവര്‍ ചോദിച്ചു.


ജവഹര്‍ലാല്‍ നെഹ്റുവിനെയും കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെയും ഓര്‍ത്തെടുത്ത്, ബിജെപിയെ കടന്നാക്രമിക്കാനും ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരിക്ക് കഴിഞ്ഞു. ഇത് ശങ്കറിന്റെ ജന്മനാടാണ് എന്നും നെഹ്റു അദ്ദേഹത്തോട് ഡോണ്ട് സ്പെയര്‍ മി ശങ്കര്‍ (എന്നെ കാര്‍ട്ടൂണില്‍ നിന്ന് ഒഴിവാക്കരുതേ) എന്ന് പറഞ്ഞിരുന്നതായും പ്രിയങ്ക പറഞ്ഞു. ഇത്തരത്തില്‍ ഒരു തമാശ പോലും ആസ്വദിക്കാന്‍ കഴിയാത്തവരാണ് ബിജെപിക്കാര്‍ എന്നും അവര്‍ കുറ്റപ്പെടുത്തി.


' തമാശ പറയുന്നവരെ പോലും ബിജെപി-ആര്‍എസ്എസ് സര്‍ക്കാര്‍ അറസ്റ്റു ചെയ്യുകയാണ്. അവര്‍ക്ക് വിയോജിപ്പുകള്‍ ഇഷ്ടമല്ല. വാഗ്വാദത്തെയും ഉള്‍ക്കൊള്ളാനാകില്ല. എന്നാല്‍ കോണ്‍ഗ്രസ് നിങ്ങളുടെ അവകാശത്തിനു വേണ്ടി നില കൊള്ളുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. ഏതെങ്കിലും തത്വശാസ്ത്രത്തെ ഞങ്ങള്‍ അടിച്ചേല്‍പ്പിക്കില്ല. ഫെഡറലിസത്തെയും സംസ്‌കാരങ്ങളെയും ആദരിക്കുന്നു' വെന്നും പ്രിയങ്ക പറഞ്ഞു.


സത്യസന്ധതയും സംവേദനക്ഷമതയും തീരെയില്ലാത്ത സര്‍ക്കാറാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത്. 'കേരളത്തിന് എന്താണ് വേണ്ടത് എന്ന് നിങ്ങള്‍ക്ക് നന്നായി അറിയാം. സത്യസന്ധതയുണ്ടാകണം, ഐശ്വര്യമുണ്ടാകണം, സംവേദനക്ഷമതയുണ്ടാകണം. എല്‍ഡിഎഫിന് ഈ മൂന്നു ഗുണങ്ങളില്‍ ഏതെങ്കിലുമുണ്ടോ? ഇല്ല എന്ന് വ്യക്തമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് മുന്നോട്ടു വെയ്ക്കുന്നത് ഭാവിയുടെ രാഷ്ട്രീയമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.