ടെഹ്‌റാൻ: ഇറാനിൽ ഭരണകൂടത്തിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്കിടെ ക്രൈസ്തവർക്കും പരിക്കേറ്റതായി റിപ്പോർട്ട്. സാമ്പത്തിക പ്രതിസന്ധിക്കും ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കും എതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരം അക്രമാസക്തമായതോടെ നിരവധി പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രക്ഷോഭത്തിനിടെ ഏഴ് ഇറാനിയൻ-അർമേനിയൻ വംശജർ കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതിൽ 'എജ്മിൻ മസിഹി' എന്നയാളെ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഫാർസ് പ്രവിശ്യയിൽ പത്തോളം ക്രൈസ്തവരെ വീടുകളിൽ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തു. മഷാദിൽ 55 സഭാ വിശ്വാസികളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. ക്രൈസ്തവരെ വിദേശ ശത്രുക്കളായാണ് ഇറാൻ ഭരണകൂടം മുദ്രകുത്തുന്നത്.
സുരക്ഷാ സേനയുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രക്ഷോഭകർക്ക് രഹസ്യമായി ഭക്ഷണവും മരുന്നും എത്തിക്കുന്നതിൽ ക്രൈസ്തവ സമൂഹം സജീവമാണ്. ആശുപത്രികളിൽ ചികിത്സ തേടുന്നത് അറസ്റ്റിന് കാരണമാകുമെന്നതിനാൽ വീടുകൾ കേന്ദ്രീകരിച്ചാണ് ഇവർ വൈദ്യസഹായം നൽകുന്നത്.
2025 ഡിസംബർ 28 ന് ആരംഭിച്ച ഈ പ്രക്ഷോഭം ഇറാൻ ചരിത്രത്തിലെ തന്നെ വലിയ ജനകീയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്. ഇതിനകം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായും അനേകം പേർ ജയിലിലായതായും അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.