കേരളത്തിന്റെ സ്വന്തം സൈന്യം: എന്നും അവഗണിക്കപ്പെടുന്ന മൽസ്യത്തൊഴിലാളികൾ

കേരളത്തിന്റെ സ്വന്തം സൈന്യം: എന്നും അവഗണിക്കപ്പെടുന്ന മൽസ്യത്തൊഴിലാളികൾ

കേരളത്തിന്റെ സ്വന്തം സൈന്യമെന്നൊക്കെ നമ്മൾ പാടിപ്പുകഴ്ത്താറുള്ള തീരദേശ വാസികളുടെ പ്രത്യേകിച്ച് മത്സ്യത്തൊഴിലാകളുടെ എണ്ണം തെരഞ്ഞെടുപ്പുകളിൽ കാര്യമായ സ്വാധീനം ചെലുത്താനും മാത്രം ശക്തമാണ്. മരണത്തെ ഭയമില്ലാത്ത അപകടങ്ങളെ നേരിടാൻ ചങ്കൂറ്റമുള്ള ബലിഷ്‌ഠന്മാർ എന്നത് മാത്രമല്ല തങ്ങളുടെ പ്രാരാബ്ധങ്ങൾ അതിജീവിക്കാൻ കരുത്തുള്ള, ജനിച്ച മണ്ണിനോട് പ്രണയമുള്ള ദീർഘവീക്ഷണമുള്ള ഒരു തലമുറയാണ് തീരദേശത്തെന്നു എത്രപേർക്കറിയാം. ഞങ്ങൾ നിങ്ങളോടൊപ്പമെന്ന പാഴ്വാക്കല്ല രാഷ്ട്രീയ പാർട്ടികളിൽ നിന്ന് തീരദേശം ആഗ്രഹിക്കുന്നത്. തങ്ങളുടെ പ്രശ്നങ്ങൾ എണ്ണി എണ്ണി നിരത്താൻ പ്രാപ്തമായ അഭിപ്രായ ശേഷി ഈ ജനതക്കുണ്ട്.
സിന്യൂസ് ലേഖകൻ മത്സ്യത്തൊഴിലാളികളുടെ ഇടയിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട്. തങ്ങളെക്കുറിച്ചു തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചു അവരുടെ മുഖദാവിൽനിന്നു കേട്ടത് അതുപോലെ ഞങ്ങൾ ഇവിടെ എഴുതുന്നു.

നാടിൻറെ മക്കൾ : മത്സ്യത്തൊഴിലാളി സമൂഹം പൊതുവെ നാടുവിട്ടു പോയി എന്തെങ്കിലുമൊക്കെ ചെയ്തു പണമുണ്ടാക്കണം എന്ന ആഗ്രഹത്തോടു വൈമുഖ്യമുള്ളവരാണ് അഥവാ അത്തരക്കാർ കുറവാണ്. കടലിനോടും ജനിച്ച മണ്ണിനോടുമുള്ള പ്രണയം ഈ ജനതയുടെ വികാരമാണ്. അതിനാൽ കടൽ ക്ഷോഭമുണ്ടാകുമ്പോൾ വേറെങ്ങോട്ടെങ്കിലും പോയി താമസിക്കൂ എന്ന് പറയുന്നവരോടല്ല കടലിനെ ഓരം ചേർന്ന് താമസിക്കാൻ സർവ പിന്തുണയും നല്കുന്നവരോടാണ് തീരദേശ ജനതയ്ക്ക് താത്പര്യം
വിദ്യാഭ്യാസം : നടന്നു പോകാവുന്ന അകലത്തിൽ സ്‌കൂളുകളുണ്ട് മിക്ക തീരാ ദേശ ഗ്രാമങ്ങളിലും. ഇതൊക്കെ സ്‌കൂളുകൾ പണിയാൻ സ്വാതന്ത്ര്യമുള്ള നാളുകളിൽ പൂർവികർ ദീർഘ വീക്ഷണത്തോടെ ചെയ്തതാണ്. അവസരം കിട്ടിയാൽ ഉന്നത വിദ്യാഭ്യാസം നേടാൻ കരുത്തുള്ള തലമുറ ഇവിടുണ്ട്. ഒരു ഉദാഹരണം മാത്രമെടുത്താൽ തുമ്പോളി എന്ന ചെറിയൊരു ഗ്രാമത്തിൽ ഒരു എൻട്രൻസ് പരിശീലന കേന്ദ്രം തുടങ്ങിയപ്പോൾ അവിടെ പതിനഞ്ചിലധികം ഡോക്ടര്മാരുണ്ടായി. ഡോ നിർമൽ ഔസേപ്പച്ചൻ ആ ഗ്രാമത്തിന്റെ സ്വന്തം. പഠിക്കാനിഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കുന്ന സർക്കാരിനെയാണ് അവർക്കു വേണ്ടത്.


സാമ്പത്തിക പരിഗണ നൽകണം

ഇത് തീരദേശ വാസികൾ വിശ്വസിക്കുന്ന ഒരു കണക്കാണ്. അവർ പറയുന്നത് ശ്രദ്ധിക്കുക മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്നു എന്ന് പറയുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. കേരളത്തിലെ കടൽത്തീരം ആകെ 580 കിലോമീറ്ററാണ്. ഹാർബറും പൊഴികളും കഴിഞ്ഞാൽ തീരം ഏകദേശം 550 ഓളം കിലോമീറ്റർ. കേരള ജനതയുടെ 20% തീരദേശവാസികളാണ്.


1) കേരളാ ബഡ്ജെറ്റിലെ 10% വിഹിതം തീരത്തിന്റെ സംഭാവനയാണ്. പക്ഷെ ഏതു ഗവൺമെന്റ് അധികാരത്തിൽ വന്നാലും തീരത്തിന്റെ വികസനത്തിനുവേണ്ടി 2% പോലും മാറ്റിവയ്ക്കുന്നില്ല. അഥവാ മാറ്റിവയ്ക്കുന്ന വിഹിതം വകമാറ്റി ചിലവഴിക്കുന്നു.

2 )തീരദേശ ജനതയുടെ ചെയ്ത ഏറ്റവും വലിയ ദ്രോഹമാണ് സുനാമി, ഓഖി ഫണ്ടുകളുടെ വകമാറ്റിത്തിരിക്കൽ. തങ്ങൾക്കു വേണ്ടി ജനങ്ങൾ നൽകിയ പണം വകമാറ്റി ചിലവഴിച്ചത് ക്ഷമിച്ചുവെങ്കിലും മറന്നിട്ടില്ലെന്നോർക്കണമെന്നു തീരദേശവാസികൾ പറയുന്നു.
സുനാമിയ്ക്കും ഓഖിയ്ക്കും ലഭിച്ച സ്വദേശ വിദേശ സഹായങ്ങൾ ഉണ്ടായിരുന്നെങ്കിൽ തീരദേശ വികസനം യാഥാർത്യമായേനെയെന്നും അവയെല്ലാം വകമാറ്റി ചിലവഴിച്ചതായി രേഖകൾ സഹിതം മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണം- സുനാമി ഫണ്ട് പതിമൂന്നു ഇനങ്ങളിൽ വകമാറ്റി-

2) തീരദേശപരിപാലന നിയമത്തിന്റെ പേരിൽ തീരത്തെയും തീരദേശവാസികളെയും ദ്രോഹിച്ചുകൊണ്ട് തീരത്തെ ഉദാരവത്ക്കരിച്ചു. ഉദാഹരണത്തിന് മത്സ്യത്തൊഴിലാളികൾക്ക് തീരത്ത് വീടുവയ്ക്കാൻ അനുവാദമില്ല അഥവാ വീടുവച്ചാൽ വീട്ടുനമ്പർ തരില്ല. എന്നാൽ റിസോർട്ടുകളും നക്ഷത്രഹോട്ടലുകളും ഈ തീരദേശപരിപാലന നിയമം നിലനിൽക്കവെയാണ് ഉയർന്നുവന്നതും പുതിയവയ്ക്ക് അനുമതി നല്കപ്പെടുന്നതും. അതിനാൽ തീരദേശപരിപാലന നിയമം കർക്കശമായി നടപ്പാക്കുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ അതിൽനിന്ന് ഒഴിവാക്കുകയും വേണം.

3) മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് തടയുക.
ഉദാഹരണം- എ) കമ്മീഷക്കാരന്റെയും(ലേലക്കാരൻ) കച്ചവടക്കാരന്റെയും മുൻധാരണാ പ്രകാരം മത്സ്യത്തിന്റെ വില ഇടിച്ചുകളയുക.
ബി) നിശ്ചിത അളവ് മീനിന് (ഒരു കുട്ട) ആയിരം രൂപ ഉറപ്പിച്ചാൽ മത്സ്യത്തൊഴിലാളിക്ക് ലഭിക്കുന്നത് മിക്കവാറുംഎണ്ണൂറു രൂപ മാത്രമായിരിക്കും.

4) ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പൂർണമായും ട്രോളിംഗ് (Trawling) നിരോധനം ഏർപ്പെടുത്തുക. കാരണം മത്സ്യത്തിന്റെ പ്രജനന സമയമാണത്. തമിഴ് നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പൂർണമായും ട്രോളിംഗ് നിരോധിക്കുമ്പോൾ കേരളം വെറും 45 ദിവസം മാത്രമാണ് ട്രോളിംഗ് നിരോധിച്ചിട്ടുള്ളത്.

5) മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ രൂപീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിന്റെ പ്രധാന ചുമതലകൾ വഹിക്കുന്നത് രാഷ്ട്രീയക്കാരായതിനാൽ 60% പാരമ്പര്യ മത്സ്യത്തൊഴിലാളികൾക്കും അതിൽ അംഗത്വം ഇല്ല. അതിനാൽ ഗവൺമെന്റ് നൽകുന്ന ആനുകൂല്യങ്ങൾ തൊഴിലാളിക്കല്ല രാഷ്ട്രീയക്കാർക്കാണ് ലഭിക്കുന്നത്. ഇതിന് മാറ്റമുണ്ടാകണം.

6) ഫിഷറീസ് , മത്സ്യഫെഡ് എന്നീ രണ്ടു സർക്കാർ ഡിപ്പാർമെന്റിന്റെയും തലപ്പത്തുള്ള ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികളുടെ അവസ്ഥകൾ പഠിക്കുകയോ അവർക്കുവേണ്ടി ക്രിയാത്മകമായ എന്തെങ്കിലും പദ്ധതികൾ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല.
ഉദാഹരണത്തിന്-സമ്പാദ്യ ആശ്വാസ പദ്ധതി നടപ്പാക്കുന്ന സമയം തന്നെ വിരോധാഭാസമാണ്. അതായാത് പൈസ നൽകേണ്ട സമയമായ ഈ വറുതിക്കാലത്താണ് (വറുതിക്കാലം- ജനുവരി മുതൽ മെയ് വരെ) പൈസ ശേഖരിക്കുന്നത്.
ആയതിനാൽ ഈ മേഖലയിൽ സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണം.

7) ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി മത്സ്യത്തൊഴിലാളികളല്ലാത്തവർക്ക് അംഗത്വം നൽകിയിട്ടുണ്ട്. അതിനുവേണ്ട നടപടികൾ ബന്ധപ്പെട്ടവർ കൈക്കൊള്ളേണ്ടതാണ്.

8) ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകൾക്ക് നൽകിയിട്ടുള്ള അനുമതി മത്സ്യ മേഖലയ്ക്ക് വൻഭീഷണിയായതിനാൽ അവ നിർത്തലാക്കുക.

ഇക്കാര്യങ്ങളെല്ലാം കടൽക്കരയിലെ പൊതു ചർച്ചകളാണ്. ഇതൊക്കെ ആര് ചെയ്തു എന്നതും എപ്പോൾ സംഭവിച്ചു എന്നതും കടലിന്റെ മക്കൾക്ക് അറിയാം. അതിനാൽ ലക്ഷോപലക്ഷം വോട്ടുകൾ വാരിയെടുക്കാൻ കടൽത്തീരത്ത് വലയെറിയുന്ന രാഷ്ട്രീയക്കാർ ആത്മാർത്ഥത കാണിക്കണമെന്ന് തീരദേശവാസികൾ പറയുന്നു.
(തുടരും )


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.