രാജ്യത്ത് കോവിഡ് സ്ഥിതി വീണ്ടും വഷളാകുന്നു; 24 മണിക്കൂറില്‍ 271 മരണം: ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് സ്ഥിതി വീണ്ടും വഷളാകുന്നു; 24 മണിക്കൂറില്‍ 271 മരണം: ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: കടുത്ത ആശങ്കയുയര്‍ത്തി രാജ്യത്തെ കോവിഡ് സ്ഥിതി അതീവ ഗുരുതരമാവുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കോവിഡ് സ്ഥിതി മോശം എന്നതില്‍ നിന്ന് വഷളാകുന്നു എന്ന നിലയിലെത്തിയതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ അഞ്ചുമടങ്ങ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഫെബ്രുവരി പകുതി മുതല്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ട്. മരണം 73ല്‍ നിന്ന് 271ലേക്ക് ഉയര്‍ന്നു. മരണനിരക്കിലെ വര്‍ദ്ധനയും ആശങ്കാജനകമാണ്. പ്രതിരോധം തകര്‍ത്ത് കോവിഡ് വൈറസ് മുന്നേറാമെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ പോളും മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, മദ്ധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 56,211 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. പഞ്ചാബ് ആണ് രണ്ടാമത്. രാജ്യത്ത ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,40,720 ആയി. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 4.47 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 37,028 പേര്‍ രോഗ മുക്തരായി. 271 പേര്‍ മരിച്ചു.

ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് മുന്‍തൂക്കം നല്‍കി പരിശോധന ഉയര്‍ത്തുക, സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുക തുടങ്ങിയവ നിര്‍ദ്ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് രാജേഷ് ഭൂഷണ്‍ കത്തയച്ചു. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പ്രാധാന്യം നല്‍കണം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ സ്‌ക്രീനിംഗ് എന്ന നിലയിലാണ് ആന്റിജന്‍ പരിശോധന. ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണം. കൂടുതല്‍ കേസുകളുടെ ജില്ലകളില്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്സിനേഷന്‍ കൂട്ടണം. വാക്സിനേഷന് സ്വകാര്യ സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.

കോവിഡ് വകഭേദമല്ല പുതിയ കുതിപ്പിന് കാരണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. യു.കെ വകഭേദം 807പേര്‍ക്കും ദക്ഷിണാഫ്രിക്കന്‍ 47 പേര്‍ക്കും ബ്രസീല്‍ വകഭേദം ഒരാള്‍ക്കുമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

പഞ്ചാബിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്ത് മതിയായ പരിശോധന നടത്തുന്നില്ല. കൊവിഡ് പോസിറ്റീവായവരെ ശരിയായ നിലയില്‍ ഐസൊലേറ്റ് ചെയ്യുന്നില്ലെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വിമര്‍ശിച്ചു. കര്‍ണാടകയും പരിശോധനയും ഐസൊലേഷനും മെച്ചപ്പെടുത്തണം. ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലും സ്ഥിതി ഗുരുതരമാവുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.