വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ നാളെ പുറത്ത് വിടും; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം: ചെന്നിത്തല

വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ നാളെ പുറത്ത് വിടും; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം:  ചെന്നിത്തല

ആലപ്പുഴ: സംസ്ഥാനത്തെ വ്യാജ വോട്ടര്‍മാരുടെ വിവരങ്ങള്‍ നാളെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ അദ്ഭുതകരമാണ്. വ്യക്തമായ തെളിവുകള്‍ താന്‍ നല്‍കിയതായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

ഇരട്ട വോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതികള്‍ പ്രസിദ്ധീകരിക്കും. കായംകുളത്തെ വോട്ടറെ സ്വാധീനിക്കാനുള്ള ശ്രമത്തെ അപലപിച്ച ചെന്നിത്ത തപാല്‍ വോട്ട് പ്രക്രിയ ഒട്ടും സുരക്ഷിതമല്ലെന്നും കുറ്റപ്പെടുത്തി. പെന്‍ഷന്‍ കൊടുത്തിട്ട് വോട്ട് സ്വാധീനിക്കുന്ന രീതി പല ഭാഗങ്ങളില്‍ ഉള്ളതായും ആക്ഷേപമുണ്ട്. സംസ്ഥാനത്ത് ജനവിധി അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച ചെന്നിത്തല കള്ള വോട്ട് ചെയ്യാന്‍ മഷി വരെ വിതരണം ചെയ്യുന്നുണ്ടെന്നും പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഇഎംസിസിയുമായുള്ള ധാരണാപത്രം ഇത് വരെ റദ്ദാക്കിയിട്ടില്ലെന്ന് പറഞ്ഞ ചെന്നിത്തല സര്‍ക്കാര്‍ കള്ളക്കളി തുടരുകയാണെന്നും ജനങ്ങളെ കബളിപ്പിക്കുകയാണെന്നം ആരോപിച്ചു. രണ്ടു ധാരണപത്രം ഉണ്ടായിരുന്നതില്‍ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ധാരണപത്രം മാത്രം ആണ് റദ്ദാക്കിയത്.

കേരളത്തിലെ ജനങ്ങളെ പൂര്‍ണമായും കബളിപ്പിച്ച സര്‍ക്കാരാണ് മോദി സര്‍ക്കാരെന്നും ചെന്നിത്തല പറയുന്നു. ലാവലിന്‍ കേസ് മാറ്റി വയ്പ്പിക്കുന്നതിലായിരുന്നു പിണറായിക്ക് താല്‍പര്യമെന്നും പ്രളയ സമയത്ത് കിട്ടേണ്ട കേന്ദ്ര സഹായം പോലും പൂര്‍ണമായും വാങ്ങി എടുത്തിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ഒരു പ്രധാന പദ്ധതിപോലും കേരളത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. പിണറായിയും മോദിയും ഭായി ഭായ് ആണ്. ഏറ്റവുമൊടുവില്‍ സ്വര്‍ണക്കള്ളക്കടത്ത് കേസും അട്ടിമറിച്ചു. ഇതൊക്കെയാണ് ബാലശങ്കര്‍ പറഞ്ഞ ഡീലെന്നും ബാലശങ്കറിനെ തള്ളിപ്പറയാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.