കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കേരളത്തിലെ അരമനകളില്‍ ഏറ്റവുമധികം കയറിയിറങ്ങിയിട്ടുള്ളത് ബിജെപി നേതാക്കളാണ്. സംസ്ഥാന നേതാക്കള്‍ മാത്രമല്ല, കേന്ദ്ര നേതാക്കളും അരമന സന്ദര്‍ശനങ്ങള്‍ നടത്തി. അതിപ്പോഴും തുടരുന്നുമുണ്ട്. എന്താണ് പെട്ടന്നൊരു സ്‌നേഹം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം പകല്‍ പോലെ വ്യക്തമാണ്. ക്രൈസ്തവരുടെ വോട്ടു വേണം. എങ്കില്‍ മാത്രമേ കേരളത്തില്‍ താമര വിടര്‍ന്ന് പന്തലിക്കൂ.
ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ ആവശ്യം സ്വാഭാവികമാണ്. അധികാരം പിടിക്കുക എന്നതാണ് ഏതൊരു പാര്‍ട്ടിയുടേയും മുഖ്യ ലക്ഷ്യം. ആദ്യം അധികാരം, പിന്നീട് ജനസേവനം. അങ്ങനെയാണല്ലോ ഇപ്പോള്‍ രാഷ്ട്രീയം. ബിജെപിയുടെ കാര്യവും മറിച്ചല്ല. കേരളത്തില്‍ ഇടത്, വലത് മുന്നണികളുടെ ഭരണം കണ്ട ക്രൈസ്തവര്‍ ഇനിയൊന്ന് ബിജെപിയെ പരീക്ഷിക്കാം എന്ന് ചിന്തിക്കണമെങ്കില്‍ അവരുടെ തികച്ചും ന്യായമായ ചില ചോദ്യങ്ങള്‍ക്ക് നരേന്ദ്ര മോഡിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ വിശ്വസനീയമായ മറുപടി നല്‍കേണ്ടി വരും.
കേരളത്തിലും മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതേണ്ടി വരുമോ?
പോളിംഗ് ബൂത്തില്‍ ഒരുക്കി വച്ചിട്ടുള്ള വോട്ടിംഗ് മെഷീനിലെ താമര ചിഹ്നത്തിനു നേരെ വിരലമര്‍ത്താനൊരുങ്ങുമ്പോള്‍ ക്രൈസ്തവരുടെ മനസില്‍ ആദ്യം വരുന്നത് രാജ്യത്തുണ്ടായ എണ്ണമറ്റ ക്രൈസ്തവ പീഡന പരമ്പരകളിലെ ഏറ്റവും പുതിയ എപ്പിസോഡായ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്കെതിരായ അക്രമമാണ്. സഭാ വസ്ത്രമണിഞ്ഞ രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം സാധാരണ വസ്ത്രമണിഞ്ഞ സന്യാസാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികളെ കണ്ടതാണല്ലോ കുട്ടി സംഗികള്‍ക്കും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കും പ്രശ്‌നമായത്. മതം മാറ്റം ആരോപിച്ച് അവര്‍ അഴിഞ്ഞാടി തിമിര്‍ത്തപ്പോള്‍ യോഗി ആദിത്യ നാഥിന്റെ പൊലീസും അക്രമികള്‍ക്കൊപ്പമായിരുന്നില്ലേ?
നിരപരാധികളായ കന്യാസ്ത്രീകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നടത്തിയ അന്വേഷണത്തിനൊടുവില്‍ അവര്‍ കുറ്റക്കാരല്ലെന്ന് ബോധ്യപ്പെടുകയും അക്രമം നടത്തിയത് എബിവിപി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണന്ന് ഝാന്‍സി റെയില്‍വേ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കുകയും ചെയ്തിട്ടും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണം എന്തായിരുന്നു? കന്യാസ്ത്രീകള്‍ക്കെതിരെ അക്രമം നടന്നിട്ടില്ല എന്ന് പറഞ്ഞ് അക്രമികളെ വെള്ള പൂശുന്ന നിലപാടല്ലേ അദ്ദേഹം സ്വീകരിച്ചത്. അതു തന്നെയല്ലേ ബിജെപിയുടേയും നിലപാട്? മറിച്ചാണങ്കില്‍ മോഡിയോ അമിത് ഷായോ എന്തുകൊണ്ട് പിയൂഷ് ഗോയലിനെ തള്ളിപ്പറയുന്നില്ല?
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സാഹചര്യം. ഇവിടെ കന്യാസ്ത്രീകള്‍ക്കൊപ്പം സന്യാസാര്‍ഥിനികളും അല്ലാത്തവരുമായ നിരവധി പെണ്‍കുട്ടികള്‍ യാത്ര ചെയ്യാറുണ്ട്. ബിജെപി ഇവിടെ അധികാരത്തിലെത്തിയാല്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമൊപ്പം യാത്ര ചെയ്യുന്നവരെല്ലാം തങ്ങള്‍ ക്രിസ്ത്യാനികളാണന്ന് തെളിയിക്കുന്ന മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതേണ്ടി വരുമോ?
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച്്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗച്, ജാര്‍ഖണ്ഡ്, അസം, ഒഡീഷ, ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം മത തീവ്രവാദികളില്‍ നിന്ന് ക്രൈസ്തവര്‍ക്ക് നേരിടേണ്ടി വന്ന പീഡനങ്ങള്‍ നിരവധിയാണ്. ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 450 ലധികം ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെയുണ്ടായത്. എത്രയെത്ര ഭവനങ്ങളും വാഹനങ്ങളും കത്തിയമര്‍ന്നു. എന്നിട്ടും അക്രമികള്‍ക്കെതിരെ കേസെടുക്കാതിരുന്ന ബിജെപി സര്‍ക്കാരുകള്‍ ക്രൈസ്തവര്‍ക്കെതിരെ ചാര്‍ജ് ചെയ്ത കേസുകള്‍ മൂവായിരത്തിലധികമാണ്.
ഇന്ത്യയെ സംബന്ധിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഞെട്ടലോടെയും കണ്ണീരോടെയും ഓര്‍മ്മിക്കുന്ന രണ്ട് ദിനങ്ങളുണ്ട്. 1999 ജനുവരി 22, 2008 ഓഗസ്റ്റ് 23 എന്നിവ.
1999 ജനുവരി 22:
ഓസ്ട്രേലിയന്‍ ക്യൂന്‍സ് ലാന്റുകാരനായ ക്രിസ്റ്റ്യന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ മക്കളായ ഒമ്പത് വയസുകാരന്‍ ഫിലിപ്പ്, ഏഴ് വയസുള്ള തിമോത്തി എന്നിവരെയും ഹിന്ദു വര്‍ഗീയ വാദികള്‍ ജീവനോടെ ചുട്ടെരിച്ച ദിവസം. ഒഡീഷയിലെ മയൂര്‍ഗഞ്ച് ജില്ലയില്‍ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയില്‍ 1965 മുതല്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുകയായിരുന്നു ഗ്രഹാം സ്റ്റുവര്‍ട്ട് സ്റ്റെയിന്‍സും കുടുംബവും. പിഞ്ചു കുഞ്ഞുങ്ങളോടുപോലും മനസലിവു കാട്ടാതെ ചുട്ടുകൊന്ന വര്‍ഗീയ കാട്ടാളത്വം കണ്ട് ലോക മനസാക്ഷി ഞെട്ടി. അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ നാട് ലോകത്തിനു മുന്നില്‍ നാണംകെട്ട് തല താഴ്ത്തി നിന്നു.
2008 ഓഗസ്റ്റ് 23:
ദിവസങ്ങള്‍ നീണ്ട കണ്ഡമാല്‍ അക്രമ പരമ്പരയിലെ നിര്‍ണായക ദിനം. സ്വദേശവാസിയായ ഒരു ഹിന്ദു സന്യാസിയുടെ കൊലപാതകത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടും ഹിന്ദുത്വ തീവ്രവാദികള്‍ നിരപരാധികളായ ക്രിസ്ത്യാനികളുടെ മേല്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. നൂറിലധികം ക്രൈസ്തവരാണ് അതി ക്രൂരമായി കൊല ചെയ്യപ്പെട്ടത്. നാല്‍പ്പതിലേറെ സ്ത്രീകള്‍ മാനഭംഗത്തിനിരയായി. നിരവധി വീടുകളും ദേവാലയങ്ങളും അഗ്നിയ്ക്കിരയായി. ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി. അവരുടെ പുനരധിവാസം ഇനിയും പൂര്‍ത്തിയായിട്ടില്ല. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യം എന്ന് അഹങ്കരിച്ചിരുന്ന ഭാരതത്തിന്റെ നെറുകയില്‍ വന്നു പതിച്ച കറുത്ത പാടുകളായിരുന്നു ഈ രണ്ട് സംഭവങ്ങളും.
2020 ഒക്ടോബര്‍ 09
ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 83 വയസുകാരനായ ജെസ്യൂട്ട് പുരോഹിതന്‍ സ്റ്റാന്‍ സ്വാമിയെ 2020 ഒക്ടോബര്‍ ഒമ്പതിന് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 50 വര്‍ഷമായി വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലയില്‍ സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം. പൊതു സമൂഹത്തില്‍ അവഗണിയ്ക്കപ്പെട്ട ഒരു ജനതയുടെ ഉന്നമനത്തിനായി ജീവിതം മാറ്റിവച്ച ഒരു വൈദികനെ ഭരണകൂട ഭീകരതയുടെ ഭാഗമായി തടവിലാക്കിയിട്ട് അറ് മാസമായി.
ഭാരതത്തിലെ കത്തോലിക്കാ സഭാ നേതൃത്വം ഒന്നടങ്കം ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിനായി പ്രധാനമന്ത്രിയെ കണ്ടെങ്കിലും നിരാശാ ജനകമായിരുന്നു മറുപടി. അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന മുടന്തന്‍ ന്യായമാണ് മോഡി പറഞ്ഞത്. പ്രായാധിക്യ സംബന്ധമായ രോഗത്താല്‍ വലയുന്ന ആ വൈദിക ശ്രേഷ്ഠന്‍ ഇന്നും അഴിക്കുള്ളിലാണ്. കള്ളക്കേസില്‍ കുടുക്കി എന്‍ഐഎ ജയിലിലടച്ച ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയാണ് കേരളത്തില്‍ ക്രൈസ്തവരുടെ വോട്ടിനായി പരക്കം പായുന്ന ബിജെപി നേതാക്കള്‍ ആദ്യം ചെയ്യേണ്ടത്.
ഗോത്രവര്‍ഗക്കാരായ നാല് പെണ്‍കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത മലയാളി സന്യാസിനിയെ മതപരിവര്‍ത്തന ശ്രമം ആരോപിച്ച് ട്രെയിനില്‍ നിന്ന് വലിച്ചിറക്കി സത്‌ന പൊലീസ് സ്റ്റേഷനില്‍ തടവില്‍ വച്ചത് 2017 ജൂണ്‍ 13 നാണ്്. പിന്നീട് 2017 മെയ് 21 ന് മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍ നിന്ന് നാഗ്പൂരിലേക്ക് സമ്മര്‍ ക്യാമ്പിന് പോയ 60 ഗോത്രവര്‍ഗ കുട്ടികളെ മത പരിവര്‍ത്തിതരാണെന്ന് പറഞ്ഞ് രത്‌ലം റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞു വച്ച സംഭവമുണ്ടായി. 2017 ഡിസംബര്‍ 14 നാണ് മധ്യപ്രദേശില്‍ സത്‌ന മേജര്‍ സെമിനാരിയിലെ 35 വിദ്യാര്‍ത്ഥികളെയും 10 വൈദികരേയും വ്യാജ മത പരിവര്‍ത്തന ആരോപണമുയര്‍ത്തി ആക്രമിക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തത്.
ഏത് പൗരനും അവന്‍ ഇഷ്ടപ്പെടുന്ന മതവിശ്വാസത്തില്‍ ജീവിക്കാന്‍ ഭരണഘടനാ പ്രകാരം അവകാശമുള്ള രാജ്യത്ത് ബിജെപി ഭരിക്കുന്നതും വിവിധ ഹിന്ദു സംഘടനകള്‍ക്ക് സ്വാധിനമുള്ളതുമായ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയൂണ്ടാകുന്ന അക്രമങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യയിലെ സാമൂഹ്യ സാഹചര്യങ്ങള്‍ തീവ്ര വര്‍ഗീയതയ്ക്ക് കീഴ്‌പ്പെടുന്നു എന്നല്ലേ ഇതില്‍ നിന്നും മനസിലാക്കേണ്ടത്?
ക്രിസ്ത്യാനികള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ആണെന്ന വിചിത്രമായ കണ്ടെത്തല്‍ നടത്തിയ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറിന്റെ പിന്‍മുറക്കാരില്‍ നിന്ന് ക്രൈസ്തവര്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കാരണം, അനുഭവമാണ് ഗുരു. അയതിനാല്‍ 'ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പിന്നീട് പച്ചവെള്ളം കണ്ടാലും ഭയക്കും' എന്ന വസ്തുത ക്രൈസ്തവ വോട്ടുകളില്‍ കണ്ണു വച്ചിട്ടുള്ള ബിജെപി നേതാക്കള്‍ മറക്കാതിരിക്കുക.
ജയ്‌മോന്‍ ജോസഫ്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.