കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തിൽ രണ്ട് പേര്‍ കസ്റ്റഡിയില്‍

കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തിൽ രണ്ട് പേര്‍ കസ്റ്റഡിയില്‍

ഝാന്‍സി: ഡല്‍ഹിയില്‍ നിന്ന് ഒഡിഷയിലേക്കുള്ള യാത്രയ്ക്കിടെ കന്യാസ്ത്രീകൾക്ക് നേരെ ഝാൻസിയിൽ തീവണ്ടിയിൽ അക്രമമുണ്ടായ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി റിപ്പോർട്ട്. ഇവർ വി.എച്ച്.പി, ഹിന്ദു ജാഗ്രൻ മഞ്ച് പ്രവർത്തകരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അൻചൽ അർജരിയ, പർഗേഷ് അമരിയ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. അർജരിയയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഇയാൾ വി.എച്ച്.പി, ഹിന്ദു ജാഗ്രൻ മഞ്ച്, ഗോ രക്ഷ സമിതി എന്നിവയുടെ പ്രവർത്തകനാണെന്ന് ചേർത്തിട്ടുണ്ട്. സമാധാന ലംഘനത്തിന് ഇരുവരുടെയും പേരിൽ കേസ് എടുത്തിട്ടുണ്ടെന്നും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നും ഝാൻസി ജില്ല മജിസ്ട്രേറ്റ് ആന്ദ്ര വംസി പറഞ്ഞു.

മാർച്ച് 19 ന് ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ വെച്ച് തിരുഹൃദയ സന്യാസി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായത്. രണ്ട് പേർ സന്യാസ വേഷത്തിലും മറ്റുള്ളവർ സാധാരണ വേഷത്തിലും ആയിരുന്നു. ആക്രമത്തിനെതിരെ സാമൂഹ്യരാഷ്ട്രീയ രംഗത്തുള്ള നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

അതേസമയം സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരായ നടപടികൾ പുരോഗമിക്കുകയാണെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. പിടിയിലായവർ കന്യാസ്ത്രീകളോടൊപ്പം ട്രെയിനിൽ സഞ്ചരിച്ചവരല്ലെന്നും എന്നാൽ സംഭവത്തിൽ ഇവർക്ക് പങ്കുള്ളതായും പോലീസ് ഇൻസ്പെക്ടർ സുനിൽ കുമാർ സിങ് പറഞ്ഞു. അക്രമത്തിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം വാർത്താ പ്രധാന്യം നേടിയത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ വിഷയത്തിൽ ഇടപെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.