ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു

ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു

ക്രിസ്തുവിന്റെ പീഢാസഹനത്തിന്റെ ഓര്‍മ പുതുക്കി ഇന്ന് ദുഖവെള്ളി. ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും അനുസ്മരണമായി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഖവെള്ളി ആചരണം ക്രൈസ്തവർ ക്രമീകരിച്ചിരിക്കുന്നത്. യേശു നടന്നു തീര്‍ത്ത കുരിശിന്റെ വഴിയുടെയും പീഢാസഹനത്തിന്റെയും ഓര്‍മയ്ക്കായി ഇന്നും ക്രൈസ്തവര്‍ ഉപവസിച്ച് കുരിശിന്റെ വഴി ആചരിക്കുന്നു. 

യേശു കുരിശു ചുമന്ന് കാല്‍വരി കുന്നിലേക്ക് സ്വയം മരണത്തിലേക്ക് നടന്നടുത്തത് മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു. മനുഷ്യകുലത്തിന്റെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് യേശു മുള്‍ക്കിരീടം ചൂടിയതും ചാട്ടവാറടി ഏറ്റതും കുരിശ് സ്വയം തോളിലേറ്റി ഗാഗുല്‍ത്താ മലയില്‍ നിന്നു തുടങ്ങിയ യാതനകളുടെ ഭാരം വഹിച്ചതും എല്ലാം മാനവർക്കുവേണ്ടിയായിരുന്നു.

‘യഹൂദന്മാരുടെ രാജാവായ നസ്രായനായ യേശു'(INRI) എന്ന് പടയാളികള്‍ കളിയാക്കി എഴുതി യേശുവിന്റെ കുരിശിന് മുകളില്‍ തൂക്കിയപ്പോഴും ദാഹിച്ച് തൊണ്ട വറ്റിയപ്പോള്‍ കുടിക്കാന്‍ കയ്പ് നീര് കൊടുത്തപ്പോഴും കൂടെയുണ്ടായിരുന്ന ശിഷ്യന്‍ തന്നെ മുപ്പത് വെളളിക്കാശിന് ഒറ്റിയപ്പോഴും ഒന്നും പറയാതെ സഹനത്തിന്റെയും ‘ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ദൈവമേ ഇവരോട് പൊറുക്കണമേ’ എന്ന പ്രാര്‍ഥന ഉരുവിട്ടപ്പോഴും അവന്‍ തന്നെക്കുറിച്ച് ആവലാതിപ്പെട്ടില്ല. അവസാനം മേഘങ്ങള്‍ സൂര്യനെ മറച്ച ഇരുണ്ട ഒരു വെളളിയാഴ്ച മനുഷ്യപുത്രന്‍ ഈ ലോകത്തിന്റെ പാപങ്ങള്‍ക്കു വേണ്ടി കുരിശു മരണം വരിച്ചു.

ഇന്നും യേശു കുരിശില്‍ ചിന്തിയ രക്തത്തിന്റെ കറ മായാതെ കിടക്കുന്നുണ്ടെങ്കിലും അതിന്റെ അനന്തര ഫലം വലിയൊരു നന്മയായി മാറുകയായിരുന്നു. അങ്ങനെ കാല്‍വരിയില്‍ യേശു ജീവാര്‍പ്പണം ചെയ്ത ദിവസം ഇംഗ്ലീഷില്‍ ഗുഡ് ഫ്രൈഡേ/നല്ല വെളളി എന്നു അറിയപ്പെടാന്‍ തുടങ്ങി. കുരിശിലൂടെ മാനവ സമൂഹം രക്ഷ പ്രാപിച്ച ദിവസം എന്നാണ് അര്‍ഥമാക്കുന്നത്. പാപത്തിനു മേല്‍ നന്മ വിജയിച്ച ദിവസം എന്നും ഈ ദിനത്തെക്കുറിച്ച് പറയാറുണ്ട്.

പീലാത്തോസിന്റെ അരമനയിലെ വിചാരണ മുതൽ യേശുവിന്റെ മൃതദേഹം കല്ലറയിൽ അടക്കുന്നത് വരെയുള്ള സംഭവങ്ങളാണ് ദുഖവെള്ളി ആചരണം. ഗാഗുല്‍ത്താ മലയില്‍ കുരിശില്‍ തറക്കപ്പെട്ട യേശുക്രിസ്തു മൂന്നാംദിനം ഉയിര്‍ത്തെഴുന്നേറ്റുവെന്നാണു വിശ്വാസം. പീഡാനുഭവത്തിലെ 14 സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയാണു ഇന്നത്തെ പ്രധാന ചടങ്ങ്. എല്ലാ ദേവാലയങ്ങളില്‍ ദുഃഖവെളളിയോടനുബന്ധിച്ചു പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കും.

ഇന്നു ദേവാലയങ്ങളില്‍ കുരിശിന്റെവഴി, നഗരി കാണിക്കല്‍, തിരുസ്വരൂപ ചുംബനം എന്നിവയും നടക്കും. പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂരിലേക്കു വിശ്വാസികൾ പാപപരിഹാരാർത്ഥം കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിച്ച് അനുഗ്രഹങ്ങൾ നേടാനായി എത്തുന്നു. തലയില്‍ മുള്‍ക്കിരീടം ചൂടി വലിയ മരക്കുരിശും ചുമന്നു നൂറുക്കണക്കിനാളുകൾ മലകയറാന്‍ എത്തുന്നത്. കോവിഡിന്റെ പ്രത്യേക നിയന്ത്രണങ്ങൾ പാലിച്ചാണ് ദുഃഖവെള്ളിയാഴ്ച ചടങ്ങുകൾ എല്ലാ പള്ളികളിൽ നടത്തുന്നത്.