ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെങ്ങും ദുഃഖവെള്ളി ആചരണം

ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയില്‍ ലോകമെങ്ങും ദുഃഖവെള്ളി ആചരണം

കൊച്ചി: ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണ പുതുക്കി ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്നലെ ദുഃഖവെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍, പീഡാനുഭവ ചരിത്രവായന, കയ്പുനീര് രുചിക്കല്‍, കുരിശു മരണത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന കുരിശിന്റെ വഴി എന്നിവ നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു എല്ലായിടത്തും ശുശ്രൂഷകള്‍ നടന്നത്.

വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ദുഃഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പ നേതൃത്വം നല്‍കി. ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍മാര്‍, മെത്രാന്മാര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. ക്രിസ്തുവിന്റെ കുരിശ്, സ്‌നേഹത്തെയും സമ്പൂര്‍ണ്ണ ആത്മദാനത്തെയും പ്രകടിപ്പിക്കുന്നുവെന്നും സത്യമായും അത് സമൃദ്ധമായ ജീവന്റെ വൃക്ഷമാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.


എറണാകുളം കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിറോ മര്‍ബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ദുഃഖവെള്ളിയാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിറോ മര്‍ബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ബിഷപ്പ് ആന്റണി കരിയിലും ദുഃഖവെള്ളിയാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ക്കു നേതൃത്വം നല്‍കി. വരാപ്പുഴ അതിരൂപത സെന്റ്. ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നേതൃത്വം നല്‍കി. ലോകത്തിന്റെ മുഴുവന്‍ രക്ഷയ്ക്കും വേണ്ടിയാണ് ക്രിസ്തു കുരിശില്‍ ബലിയായി തന്റെ തന്നെ ജീവന്‍ ബലിയായി നല്‍കിയതെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.
എറണാകുളം മലയാറ്റൂര്‍ തീര്‍ഥാടന കേന്ദ്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിശ്വാസികളെ പ്രവേശിപ്പിച്ചത്. രാവിലെ ആറ് മണിമുതല്‍ നിരവധി തിര്‍ഥാടകരാണ് മലയാറ്റൂരില്‍ എത്തിയത്.


വരാപ്പുഴ അതിരൂപത സെൻറ്. ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ദുഃഖവെള്ളി കർമ്മങ്ങൾക്ക് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നേതൃത്വം നൽകുന്നു.

തിരുവനന്തപുരം പേരൂര്‍ക്കട സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമിസ് നേതൃത്വം നല്‍കി. നൂറു പേരില്‍ താഴെ മാത്രം വിശ്വാസികളെ പങ്കെടുപ്പിച്ചായിരുന്നു ചടങ്ങുകള്‍. നഗരം ചുറ്റിയുള്ള സംയുക്ത കുരിശിന്റെ വഴി ഇത്തവണ ഒഴിവാക്കി. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ കുരിശിന്റെ വഴിയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ഇടവക വികാരി ഫാ. നിക്കോളാസിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്.


കോട്ടയം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ പീഡാനുഭവ വെള്ളി ആചരണത്തിന്റെ ഭാഗമായി നടന്ന നഗരം ചുറ്റിയുള്ള കുരിശിന്റെ വഴി

തിരുമൂലപുരം ബെഥനി മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നേതൃത്വം നല്‍കി. മുളന്തുരുത്തി യാക്കോബായ വൈദിക സെമിനാരി ചാപ്പലില്‍ ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. പരുമല സെമിനാരിയില്‍ നടന്ന ദുഃഖവെള്ളി ശുശ്രൂഷകള്‍ക്ക് യു.കെ യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് പ്രധാന കാര്‍മികത്വം വഹിച്ചു.

യു.എ.ഇയില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍

ഈശോയുടെ പീഡാനുഭവത്തെയും ഉയര്‍പ്പിനെയും ധ്യാനിക്കുന്നവിശുദ്ധവാരത്തില്‍ യു.എ.ഇയിലെ എല്ലാ ദേവാലയങ്ങളിലും മലയാളത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ നടക്കും. ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ വരെ ഷാര്‍ജ സെന്റ് മൈക്കിള്‍ ദേവാലയത്തില്‍ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ ആരാധനാക്രമങ്ങളില്‍ വി കുര്‍ബാനയും തിരുക്കര്‍മങ്ങളും നടന്നുവരികയാണ്. വെള്ളിയാഴ്ച വെളുപ്പിനെ നാലിന് ആരംഭിച്ച സീറോ മലബാര്‍ ആരാധനാ ക്രമത്തിലുള്ള ദുഃഖവെള്ളിയാഴ്ച്ച ശുശ്രൂഷകളില്‍ കോവിഡ്മാനദണ്ഡങ്ങളനുസരിച്ച് ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ദേവാലയവും പാരീഷ്ഹാളും ചാപ്പലുകളും ക്ലാസ് റൂമുകളും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു.

മലയാള സമൂഹത്തിന്റെ ഡയറക്ടര്‍ ഫാ. ജോസ് വട്ടുകുളത്തില്‍, ഫാ അലക്‌സ് വാച്ചാപറമ്പില്‍, ഫാ അരുണ്‍ രാജ് എന്നിവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. യു.എ.ഇയിലെ കത്തോലിക്കാ ദേവാലയങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി മുസഫയിലെ സെന്റ്. പോള്‍സ് കത്തോലിക്കാ ദേവാലയത്തില്‍ ദുഃഖ വെള്ളിയാഴ്ച ശുശ്രൂകള്‍ക്കൊപ്പം നഗരികാണിക്കലും നടത്തി. അതിനുള്ള തിരുസ്വരൂപം എറണാകുളത്തുനിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് മലയാളം പാരീഷ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ അബുദാബിയില്‍ എത്തിച്ചത്. ഇന്ന് നടന്ന വിശുദ്ധ കര്‍മ്മങ്ങളില്‍ ഫാ. വര്‍ഗീസ്കോഴിപ്പാടന്‍ നേതൃത്വം നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.