ജില്ലയിലെ 47 ഗ്രാമപഞ്ചായത്തുകള്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ അഞ്ച് നഗരസഭകള്‍, അഞ്ച് ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവയുടെ ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. ശുദ്ധവും സമൃദ്ധവുമായ കേരളത്തെ കെട്ടിപ്പടുക്കുന്നതില്‍ ഹരിതകേരളം മിഷന്‍ വലിയ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു. ജനസ്രോതസ്സുകള്‍ വീണ്ടെടുത്ത് ജലഗുണം ഉറപ്പുവരുത്താന്‍ മിഷനു കഴിഞ്ഞു. നെല്‍കൃഷി, പച്ചക്കറികൃഷി എന്നിവ വലിയതോതില്‍ വര്‍ദ്ധിപ്പിച്ചു. മാലിന്യ സംസ്‌കരണ രംഗത്തും വലിയ മാറ്റങ്ങള്‍ മിഷന്റെ ഭാഗമായി നടന്നു. തദ്ദേശ സ്ഥാപനങ്ങള്‍ ഈ പദ്ധതികളോട് മികച്ച രീതിയില്‍ പ്രതികരിക്കുകയും അതാത് പഞ്ചായത്തുകളില്‍ ഇവ യാഥാര്‍ത്ഥ്യമാക്കുകയും ചെയ്തു. ഇവയ്ക്കുള്ള അംഗീകാരമാണ് ശുചിത്വപദവിയെന്നും ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സമ്പൂര്‍ണ ശുചിത്വ പദവിയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍, വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര നഗരസഭകള്‍, പാറശാല, കിളിമാനൂര്‍, വര്‍ക്കല, നെടുമങ്ങാട്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവ ശുചിത്വപദവി നേടി. പാറശ്ശാല, ചെങ്കല്‍, കാരോട്, കുളത്തൂര്‍, പൂവ്വാര്‍, കരുംകുളം, കാഞ്ഞിരംകുളം, അതിയന്നൂര്‍, കൊല്ലയില്‍, പെരുങ്കടവിള, കള്ളിക്കാട്, ആര്യങ്കോട്, പൂവച്ചല്‍, വെള്ളനാട്, തൊളിക്കോട്, വിതുര, കാട്ടാക്കട, മലയിന്‍കീഴ്, ബാലരാമപൂരം, അരുവിക്കര, കരകുളം, ആനാട്, വെമ്പായം, പെരിങ്ങമ്മല, പാങ്ങോട്, വാമനപുരം, നന്ദിയോട്, മാണിക്കല്‍, അണ്ടൂര്‍ക്കോണം, മംഗലപുരം, കിഴുവിലം, വക്കം, മണമ്പൂര്‍, ചെമ്മരുതി, ഒറ്റൂര്‍, വെട്ടൂര്‍, ഇടവ, ഇലകമണ്‍, ചെറുന്നിയൂര്‍, കിളിമാനൂര്‍, മടവൂര്‍, കരവാരം, പഴയകുന്നുമ്മേല്‍, പുളിമാത്ത്, നാവായിക്കുളം, പള്ളിക്കല്‍, നഗരൂര്‍ എന്നിവയാണ് ശുചിത്വ പദവി നേടിയ ഗ്രാമപഞ്ചായത്തുകള്‍.
തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം, ഉറവിടത്തില്‍ പാഴ് വസ്തുക്കള്‍ തരംതിരിക്കല്‍, ശേഖരണ സംവിധാനം ഒരുക്കല്‍, കൃത്യമായ ഇടവേളകളില്‍ കെട്ടിക്കിടക്കാതെ പുന:ചംക്രമണത്തിനും മറ്റുമായി കൈ മാറ്റം ചെയ്യല്‍, മാലിന്യക്കൂമ്പാരങ്ങള്‍ ഇല്ലാതെയും പൊതുനിരത്തുകളും ജലാശയങ്ങളും വൃത്തിയായി കാത്ത് സൂക്ഷിക്കല്‍ ഹരിതചട്ട പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ശുചിത്വ പദവി നല്‍കിയത്.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍ സീമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി ശാരദാ മുരളീധരന്‍, ജനപ്രതിനിധികള്‍, നവകേരളം മിഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടന്ന പ്രത്യേക ചടങ്ങില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കോര്‍പ്പറേഷന്റെ ശുചിത്വ പദവി പ്രഖ്യാപനം നടത്തി. പ്രശസ്തി പത്രവും അവാര്‍ഡും മന്ത്രി മേയര്‍ കെ. ശ്രീകുമാറിന് കൈമാറി. കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ വികേന്ദ്രീകൃത മാലിന്യ പരിപാലന പദ്ധതി മാതൃകാപരമാണെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു. ശുചിത്വ പദവി കൈവരിക്കുന്നതിനായി പ്രയത്‌നിച്ച കോര്‍പ്പറേഷന്‍ ഭരണസമിതിയെയും ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.