താര നേതാക്കളും അവരുടെ ഫാന്‍സ് അസോസിയേഷനുകളും നാടിന്റെ ശാപമെന്ന് ജോയ് മാത്യൂ

താര നേതാക്കളും അവരുടെ  ഫാന്‍സ് അസോസിയേഷനുകളും നാടിന്റെ ശാപമെന്ന് ജോയ് മാത്യൂ

കൊച്ചി: താരവല്‍ക്കരിക്കപ്പെട്ട നേതാക്കളും അവര്‍ ചെലവിന് കൊടുത്ത് വളര്‍ത്തുന്ന ഫാന്‍സ് അസോസിയേഷനുകളുമാണ് ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ശാപമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. തങ്ങളുടെ നേതാവിന്റെ വാര്‍ത്തയ്ക്കു താഴെ സ്തുതി വാചകങ്ങള്‍ എഴുതാനും നേതാവിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ തെറിയഭിഷേകം ചെയ്യാനും 'ലൈസന്‍സ്' ഉള്ളവരാണിവര്‍. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലാണ് ഈ ഫാന്‍സ് അസോസിയേഷനുകള്‍ കൂടുതല്‍ സജീവം. ഇതിനൊക്കെ ഇക്കൂട്ടര്‍ക്ക് കൃത്യമായി ശമ്പളവും നല്‍കുന്നുണ്ട്.

സിനിമയിലെ വീരനായകനെപ്പോലെയാണ് അണികള്‍ നേതാക്കന്മാരെ ബിംബവല്‍ക്കരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ക്യാപ്റ്റന്‍ എന്നൊക്കെയുള്ള വിളിപ്പേരുകള്‍ ഉണ്ടാകുന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മാധ്യമങ്ങളും ഈ താരവല്‍ക്കരണത്തെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. പത്ത് ബ്ലാക്ക് ക്യാറ്റുകളുടെ അകമ്പടി, മുന്നിലും പിന്നിലും വാഹനവ്യൂഹം. ഇതൊക്കെ കേരളത്തില്‍ ഏതെങ്കിലുമൊരു നേതാവിന് ആവശ്യമുണ്ടോ? ഇല്ല എന്നാണ് എനിക്കു തോന്നുന്നത്.

പക്ഷേ, ഈ സൂപ്പര്‍ താരപരിവേഷം നിലനിര്‍ത്തണമെങ്കില്‍ ഇതൊക്കെ വേണം. ഞാന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയപ്പോള്‍ അവിടുത്തെ സാംസ്‌കാരിക മന്ത്രിയെ കണ്ടു. അദ്ദേഹം വന്നത് സൈക്കിള്‍ ചവിട്ടിയാണ്. ഞാനും സംവിധായകന്‍ സലിം അഹമ്മദും കൂടി കാനഡയില്‍ പോയപ്പോള്‍ അവിടുത്തെ ഒരു മന്ത്രിയെ പരിചയപ്പെട്ടു. സാധാരണക്കാരന്‍. മറ്റു പല രാജ്യങ്ങളിലും നേതാക്കന്മാരും ഭരണ കര്‍ത്താക്കളും അങ്ങനെയാണ്. അതിമാനുഷ പരിവേഷം അവര്‍ക്കില്ല.

നേതാക്കന്മാരുടെ പരാജയത്തിലും മരണത്തിലുമൊക്കെ മനംനൊന്ത് അണികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ്. പെട്രോളിന് വില കൂടിയതുകൊണ്ടാവും ഭാഗ്യവശാല്‍ കുറച്ചുനാളായി അത് കേള്‍ക്കുന്നില്ല. ബിംബാരാധനയെ നേതാക്കന്മാര്‍ തന്നെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദുരന്ത ഫലമാണ് ഇതൊക്കെ. കേരളത്തില്‍ ഏതെങ്കിലുമൊരു നേതാവിന് രാഹുല്‍ ഗാന്ധിയെപ്പോലെ ഓട്ടോറിക്ഷയില്‍ കയറി യാത്രചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നുണ്ടോ?

ഇനി ആരെങ്കിലും അങ്ങനെ ചെയ്താല്‍ ഇവിടുത്തെ ജനം അത് അംഗീകരിക്കുമോ? എനിക്കുതോന്നുന്നത് ഇതിനൊക്കെ അപവാദമായിട്ടുള്ള ഒരാള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് എന്നാണ്. അദ്ദേഹത്തിനു വേണമെങ്കില്‍ ഓട്ടോറിക്ഷയില്‍ കയറാം. ആര്‍ക്കും ഒരു അനൗചിത്യവും തോന്നില്ല. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ കടമ ഏറ്റവും ഉന്നതമായ നിലയിലാണ് അദ്ദേഹം നിറവേറ്റിയത്.

ബ്രൂവറി പോലെയുള്ള കാര്യങ്ങളിലെ ചെന്നിത്തലയുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് മണല്‍ കടത്ത്, സ്പ്രിന്‍ക്ലര്‍, ആഴക്കടല്‍ കരാര്‍ അങ്ങനെ ഓരോന്നോരോന്നായി അദ്ദേഹം വെളിച്ചത്തു കൊണ്ടുവന്നു. ഇപ്പറഞ്ഞ പതിനാലോളം വിഷയങ്ങളില്‍ സര്‍ക്കാരിന് പിന്തിരിഞ്ഞ് ഓടേണ്ടിയും വന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, വിഎസിന് വലിയ തോതില്‍ മീഡിയ സപ്പോര്‍ട്ട് കിട്ടിയിരുന്നെങ്കില്‍, രമേശിനെ മീഡിയ മനഃപൂര്‍വം ഒഴിവാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പത്രസമ്മേളനങ്ങള്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി ടെലികാസ്റ്റ് ചെയ്യാന്‍ ഒരു ചാനലും തയാറായില്ല.

കേരളത്തിലെ മാധ്യമങ്ങളില്‍ ഇന്ന് ജോലി ചെയ്യുന്ന ഒട്ടെല്ലാ ജേണലിസ്റ്റുകളും കമ്യൂണിസ്റ്റ് വിദ്യാര്‍ഥി, യുവജന സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്. കെഎസ്യുവില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരു ജേണലിസ്റ്റിനെപ്പോലും ഞാനിതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് ഇടതുപക്ഷ മുന്നണിയുടെ ഭാഗമല്ലാത്ത ഒരാളെ ഏറ്റെടുക്കാന്‍ അവര്‍ക്ക് ഒട്ടും താല്‍പര്യമുണ്ടാവില്ല. മാത്രമല്ല, അവര്‍ക്കും വേണ്ടത് സൂപ്പര്‍ താരപരിവേഷമുള്ളവരെയാണ്. അവിടെയാണ് അവരുടെയും കച്ചവടമെന്നും ജോയ് മാത്യൂ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.