ലാവലിന്‍ കേസ് നാളെ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് സുപ്രീം കോടതിക്ക് കത്ത്

ലാവലിന്‍ കേസ് നാളെ പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് സുപ്രീം കോടതിക്ക് കത്ത്

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് നാളെ പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കത്ത്. കോടതിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ സമയം തേടി ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ പ്രകാശ് രഞ്ചന്‍ നായക് ആണ് കത്ത് നല്‍കിയത്.

ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദിര ബാനര്‍ജി എന്നിവര്‍ ചൊവ്വാഴ്ച പരിഗണിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന നാലാമത്തെ കേസാണ് ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍. ഇരുപത്തിയഞ്ചില്‍ അധികം തവണ മാറ്റി വെച്ച കേസ് ഇനി മാറ്റിവെക്കില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ തവണ വ്യകതമാക്കിയിരുന്നു.

പിണറായി വിജയനൊപ്പം പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ വ്യക്തിയാണ് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ്. ഫ്രാന്‍സിസിന്റെ ആവശ്യത്തെ സി.ബി.ഐ അനുകൂലിക്കുമോ എതിര്‍ക്കുമോയെന്ന് വ്യക്തമല്ല. ഇക്കാര്യത്തിലുള്ള നിലപാട് നാളെ കോടതിയില്‍ വ്യക്തമാകുമെന്ന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

നാളെ കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ലാവലിന്‍ ഹര്‍ജികളില്‍ സി.ബി.ഐ സുപ്രീം കോടതിയില്‍ നടത്തുന്ന ഇടപെടലിന് രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിലെ ചില വസ്തുതകള്‍ കോടതിയില്‍ ഹാജരാക്കാനും സി.ബി.ഐ. ശ്രമിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

കേരളത്തില്‍ വളരെ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുള്ള ചാരക്കേസ് ചൊവ്വാഴ്ച തന്നെ കേള്‍ക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടതോടെ ഈ അഭ്യൂഹം ശക്തമായി. ഇതിന് തൊട്ടുപിന്നാലെയാണ് കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.