കേരളം പോളിംഗ് ബൂത്തിലേക്ക്... യുഡിഎഫ് വരുമെന്ന് കേന്ദ്ര ഏജന്‍സികള്‍; നേമത്ത് താമര വാടും, ചെന്നിത്തലയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നതായും റിപ്പോര്‍ട്ട്

കേരളം പോളിംഗ് ബൂത്തിലേക്ക്... യുഡിഎഫ് വരുമെന്ന് കേന്ദ്ര ഏജന്‍സികള്‍; നേമത്ത് താമര വാടും, ചെന്നിത്തലയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നതായും റിപ്പോര്‍ട്ട്

കൊച്ചി: മാധ്യമങ്ങളുടെ പ്രീപോള്‍ സര്‍വ്വേ ഫലങ്ങള്‍ തള്ളി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍. യുഡിഎഫ് നേരിയ ഭൂരിപക്ഷം നേടുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ രണ്ടിടത്ത് താമര വിരിയാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ തെക്കന്‍ കേരളത്തില്‍ താമര വിരിയുന്നത് കൊല്ലം ജില്ലയിലെ ചാത്തന്നൂരിലും വടക്കന്‍ കേരളത്തില്‍ കാസര്‍കോഡ് ജില്ലയിലെ മഞ്ചേശ്വരത്തുമായിരിക്കുമെന്നും പറയുന്നു. സിറ്റിംഗ് മണ്ഡലമായ നേമത്ത് ബിജെപിക്ക് വിജയ സാധ്യതയില്ല.

സംസ്ഥാനത്ത് പ്രചാരണത്തിന്റെ തുടക്കത്തില്‍ എല്‍ഡിഎഫ് ഏറെ മുന്നിലായിരുന്നെങ്കിലും അവസാന നിമിഷം യുഡിഎഫ് നില മെച്ചപ്പെടുത്തി ശക്തമായി തിരിച്ചു വന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇരട്ട വേട്ട് വിവാദം, ആഴക്കടല്‍ മത്സ്യബന്ധനം, അദാനിയുമായുള്ള വൈദ്യുതി കരാര്‍, ലത്തീന്‍ രൂപതയുടെ ഇടയ ലേഖനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടത് നേതാക്കളുടെ പ്രതികരണം, എന്‍എസ്എസ് നേതൃത്വവുമായുള്ള വാക്‌പോര്, ശബരിമല വിഷയത്തില്‍ ഇടത് മുന്നണി നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എന്നിവയെല്ലാം എല്‍ഡിഎഫിന്റെ അമിത വിജയ പ്രതീക്ഷയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചതായും വിലയിരുത്തപ്പെടുന്നു.

ജനപ്രീതിയുടെ കാര്യത്തില്‍ ചാനലുകള്‍ എഴുതി തള്ളിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് 39 ശതമാനം ജനപിന്തുണയാണ് കേന്ദ്ര ഏജന്‍സികളുടെ രഹസ്യ റിപ്പോര്‍ട്ടിലുള്ളത്. പൊതു ഖജനാവിന്റെയും പൊതു മുതലിന്റെയും സംരക്ഷണത്തിനു വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളുടെ പേരിലാണ് ജനം രമേശിനെ ഓര്‍ക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് മൂന്നാം മാസം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ രാജിവയ്ക്കേണ്ടി വന്ന ബന്ധു നിയമന വിവാദം മുതല്‍ അദാനിക്ക് വൈദ്യുതി കരാര്‍ നല്‍കിയതിലെ ദുരൂഹത വരെ പ്രതിപക്ഷത്തിന്റെ എല്ലാ ഇടപെടലുകളുടെയും സൂത്രധാരകന്‍ രമേശ് ആയിരുന്നു.

ബ്രൂവറി, സ്പ്രിംഗ്ളര്‍ മുതല്‍ ഇരട്ട വോട്ടു വരെ പിണറായി സര്‍ക്കാരിനെതിരേ രമേശ് ചെന്നിത്തല കൊണ്ടുവന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പ്രതിപക്ഷത്തിനു വേണ്ടിയാണ് പ്രധാന മാധ്യമങ്ങളെല്ലാം നിലകൊള്ളുന്നതെന്ന് മുഖ്യമന്ത്രിയും എല്‍.ഡി.എഫും ആരോപിക്കുകവരെ ചെയ്തു. എന്നാല്‍ അതേ മാധ്യമങ്ങള്‍തന്നെ പ്രീപോള്‍ സര്‍വ്വേകളില്‍ യു.ഡി.എഫിനും രമേശിനും എതിരേ നടത്തിയ പ്രവചനങ്ങളാണ് കേന്ദ്ര ഏജന്‍സികള്‍ തളളുന്നത്.

നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പത്തു ശതമാനത്തില്‍ താഴെ മാത്രം ജനപിന്തുണയുള്ള നേതാവായി രമേശിനെ ചാനലുകള്‍ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പരസ്യമായി രംഗത്തുവന്നിരുന്നു. തന്നെയും മുന്നണിയെയും തകര്‍ക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും സര്‍വ്വേകളില്‍ കഴമ്പില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടിലും യുഡിഎഫിന് നേരിയ മുന്‍തൂക്കം പ്രവചിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.