പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിച്ച ഏഴു വയസുള്ള മലയാളി ബാലിക മരിച്ചു. ചികിത്സ വൈകിയതാണ് മരണകാരണമെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തി. പെര്‍ത്തിനു സമീപം മോര്‍ളിയില്‍ താമസിക്കുന്ന അശ്വത്ത് ശശിധരന്റെയും കൊല്ലം സ്വദേശിനി പ്രസീതയുടെയും മകള്‍ ഐശ്വര്യ അശ്വത്തിനാണ് ദാരുണാന്ത്യമുണ്ടായത്.
പനി കൂടി ശനിയാഴ്ച്ച പെര്‍ത്ത് ചൈല്‍ഡ് ഹോസ്പിറ്റലില്‍ എത്തിച്ച കുട്ടിയെ രണ്ട് മണിക്കൂറോളം പരിശോധിക്കാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നു അശ്വത്ത് ശശിധരനും പ്രസീതയും ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന്, കുട്ടിയുടെ മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി റോജര്‍ കുക്ക് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി.
വെള്ളിയാഴ്ചയാണ് ഐശ്വര്യയ്ക്ക് പനി ബാധിച്ചത്. വീട്ടില്‍ വച്ച് പനിക്കുള്ള മരുന്ന് നല്‍കിയെങ്കിലും ശരീരത്തിന്റെ താപനില കുറയാതെ വന്നതോടെ പെര്‍ത്ത് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില പെട്ടെന്നു വഷളാവുകയും കാഴ്ച്ച മങ്ങുകയും കൈകള്‍ തണുക്കുകയും ചെയ്തു. മകളെ അടിയന്തരമായി പരിശോധിക്കണമെന്ന് ആശുപത്രി അധികൃതരോട് അപേക്ഷിച്ചിട്ടും അവര്‍ പരിഗണിച്ചില്ലെന്ന് ഐശ്വര്യയുടെ മാതാപിതാക്കള്‍ പറയുന്നു.
അവളുടെ കണ്ണുകളുടെ നിറം മാറുന്നുണ്ടെന്നും അത് അസാധാരണമാണെന്നും ജീവനക്കാരോടു പറഞ്ഞപ്പോള്‍ ഡോക്ടര്‍ വന്നു പരിശോധിക്കുമെന്ന മറുപടിയാണ് നല്‍കിയത്. നാലും അഞ്ചും തവണ റിസപ്ഷനില്‍ ചെന്നു അപേക്ഷിച്ചിട്ടും അവഗണിച്ചതായി പ്രസീത പറഞ്ഞു. ഇതൊരു അടിയന്തര ഘട്ടമാണെന്നു തിരിച്ചറിയാന്‍ അവര്‍ വൈകി. മണിക്കൂറുകള്‍ക്കുള്ളില്‍ ഐശ്വര്യ മരിച്ചതായി മാതാപിതാക്കള്‍ പറഞ്ഞു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കണമെന്നും ഇനിയൊരു കുട്ടിക്കും ഇങ്ങനെയൊരു അവസ്ഥ വരരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
കുട്ടിയുടെ മരണത്തില്‍ ആശുപത്രി മാനേജ്മെന്റ് അനുശോചനം രേഖപ്പെടുത്തി. മാതാപിതാക്കളുടെ ഈ വിഷമഘട്ടത്തില്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഐശ്വര്യയുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും വിവരങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ കുടുംബത്തിനു കൈമാറുമെന്നും ഡോ. സൈമണ്‍ വുഡ് പ്രസ്താവനയില്‍ പറഞ്ഞു. കുട്ടിയുടെ വേര്‍പാട് കുടുംബത്തിനും താങ്ങാനാവുന്നതല്ലെന്നു അനുശോചനം രേഖപ്പെടുത്തി ആരോഗ്യമന്ത്രി റോജര്‍ കുക്ക് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26