എല്‍ഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കും: മുഖ്യമന്ത്രി

എല്‍ഡിഎഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കും: മുഖ്യമന്ത്രി

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് എല്‍ ഡി എഫിന് കേരളം ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാമി അയ്യപ്പനടക്കം എല്ലാ ദൈവങ്ങളും എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പമാണ്. ഭരണതുടര്‍ച്ച എന്നത് ജനങ്ങള്‍ തീരുമാനിച്ചതാണ്. അതിന്റെ ഒരു സീല്‍ കുത്തലാണ് ഇന്ന് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ കരുത്താണ് പ്രകടമാകുക. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനം മുഖവിലക്കെടുത്തിട്ടില്ല. ധര്‍മ്മടത്തെ ആര്‍ സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ജനങ്ങളുടെ കൂടെ നിന്നിട്ടുണ്ട്, ആ ജനങ്ങൾ എൽഡിഎഫിന്റെ കൂടെ നിൽക്കുമെന്നാണ് വിശ്വാസം. എൽഡിഎഫിന്റെ ജനകീയ അടിത്തറ വിപുലമാണ്. അത് തെളിയിക്കുന്നതായിരിക്കും ഈ തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പിലെത് പോലെ എല്ലാ ദുരാരോപണവും ജനം തള്ളും. ദുരാരോപണത്തിന്റെ അന്തിവ വിധിയാണ് ഇന്ന് ജനങ്ങള്‍ രേഖപ്പെടുത്തുക എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് കുറച്ചുകൂടി ശക്തമായ തിരിച്ചടി ജനങ്ങള്‍ നല്‍കും. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. അത് ഉറപ്പാണ്. മറ്റ് എവിടെയെങ്കിലും യുഡിഎഫ് ധാരണ ഉണ്ടാക്കിയോ എന്ന് വ്യക്തമാക്കണം. മലമ്പുഴയിലൊന്നും ബിജെപിക്ക് ഒരു നേട്ടവുമുണ്ടാക്കില്ല. സര്‍ക്കാറിനെതിരായ ദുരാരോപണം ജനങ്ങള്‍ തള്ളും. ബോംബ് പൊട്ടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആ ബോംബ് പൊട്ടാതെ ചീറ്റിപ്പോയോ എന്ന് സംശയമുണ്ടെന്നും പിണറായി പറഞ്ഞു.

തുടര്‍ഭരണം ഉറപ്പെന്നതിന്റെ ലക്ഷണം വോട്ടര്‍മാരില്‍ കാണുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടത്ത് കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഇടതു പക്ഷത്തിന് ഭരണത്തുടര്‍ച്ച ഉറപ്പാക്കുന്ന തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നതെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പുതുക്കാട് മണ്ഡലത്തില്‍ താന്‍ മത്സരിക്കാത്തത് വിജയസാധ്യതയെ ബാധിക്കില്ല. തൃശൂര്‍ കേരളവര്‍മ കോളജിലെ 49ാം നമ്പര്‍ ബൂത്തില്‍ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. 

മഹാഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് തുടര്‍ ഭരണം നേടുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വികസന തുടര്‍ച്ചയ്ക്ക് ജനങ്ങള്‍ പിന്തുണ നല്‍കുമെന്നും മന്ത്രി പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം നേടിക്കൊണ്ട് എല്‍ഡിഎഫ് വമ്പിച്ച വിജയത്തിലേയ്ക്ക് വരും. നൂറിനടുത്ത് തന്നെ സീറ്റ് നേടാന്‍ എല്‍ഡിഎഫിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.സി മൊയ്തീന്‍, ഇ.ചന്ദ്രശേഖരന്‍, ഇ.പി.ജയരാജന്‍ എന്നിവരും വിവിധ ജില്ലകളിലെ ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.