തിരഞ്ഞെടുപ്പ് ദിവസം വീണ്ടും 'ശബരിമല കയറ്റം'; എന്‍എസ്എസ് തുടങ്ങി വച്ചു, പിന്നാലെ 'മല കയറി' ഭരണ-പ്രതിപക്ഷങ്ങള്‍

തിരഞ്ഞെടുപ്പ് ദിവസം വീണ്ടും 'ശബരിമല കയറ്റം'; എന്‍എസ്എസ് തുടങ്ങി വച്ചു, പിന്നാലെ 'മല കയറി' ഭരണ-പ്രതിപക്ഷങ്ങള്‍

കൊച്ചി: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബോംബുകള്‍ പൊട്ടുമെന്ന് മുഖ്യമന്ത്രി പ്രവചിച്ചുവെങ്കിലും വെടി പൊട്ടിച്ചത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരായിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് ജി. സുകുമാരന്‍ വോട്ട് രേഖപ്പെടുത്തി ഇറങ്ങവേ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ടെന്നുള്ള സുകുമാരന്‍ നായരുടെ പ്രസ്താവന മുതലെടുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമല വിഷയം മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ രാവിലെ തന്നെ യുദ്ധമുഖം തുറന്നു.

സുകുമാരന്‍ നായരുടെ പ്രസ്താവനയോടുള്ള പ്രതികരണവുമായെത്തിയ മുഖ്യമന്ത്രിയുടെ പ്രസ്താവനയും ഏറെ ചര്‍ച്ചയായി. നല്ലകാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കൊപ്പമാണ് അയ്യപ്പനും ദേവഗണങ്ങളുമെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം നേടുമെന്നും പ്രതികരിച്ചു.

പതിവിന് വിരുദ്ധമായി ശക്തമായ ഭാഷയിലാണ് ഉമ്മന്‍ചാണ്ടി ശബരിമല വിഷയം ഉയര്‍ത്തിയത്. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രതികാരം ചെയ്യും എന്ന ഭയം കൊണ്ടാണ് മുഖ്യമന്ത്രി ഇന്ന് ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയതെന്ന് അഭിപ്രായപ്പെടുകയും, വനിതാ മതിലിനെയും, യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിച്ചതിനെ കുറിച്ചും ഓര്‍മ്മപ്പെടുത്തുകയും ഉണ്ടായി.

കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളും വിശ്വാസത്തെയും ദൈവങ്ങളെയും കൂട്ടുപിടിച്ചു തിരഞ്ഞെടുപ്പ് ദിവസം വിശ്വാസികളെ കൂടെകൂട്ടാനാണ് ശ്രമിച്ചത്. എല്ലാ വിശ്വാസികളും വിശ്വാസമര്‍പ്പിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നാണ് കോടിയേരി അഭിപ്രായപ്പെട്ടത്.

എന്നാല്‍ കാനത്തിന്റെ മറുപടിയില്‍ എന്‍എസ്എസിനോട് അല്‍പ്പം അമര്‍ഷവും കലര്‍ന്നിരുന്നു. സുകുമാരന്‍ നായര്‍ക്ക് രാഷ്ട്രീയമുണ്ടെന്നതിന്റെ സൂചനയാണ് അദ്ദേഹം നടത്തിയ പ്രസ്താവനയെന്ന് അഭിപ്രായപ്പെട്ട കാനം ഒരു സമുദായ സംഘടനയും തിരഞ്ഞെടുപ്പ് ദിവസം ഇത്തരം പ്രസ്താവന നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടി.

വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങി മാദ്ധ്യമങ്ങളോട് സംസാരിച്ച പ്രതിപക്ഷത്തെ പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കളെല്ലാം സ്വര്‍ണക്കടത്തിനെ കൈവിട്ട് ശബരിമല വിഷയത്തിലേക്ക് കേന്ദ്രീകരിക്കുന്ന കാഴ്ചയാണ് ഇന്നുണ്ടായത്.

ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ എന്ന സംശയം പോലും ഉയര്‍ത്തുന്നുണ്ട്. പ്രതീക്ഷിച്ച വന്‍ ബോംബ് പൊട്ടിയില്ലെങ്കിലും, വിശ്വാസികളുടെ മനസില്‍ അണയാതെ ചാരം മൂടി കിടന്ന ശബരിമല യുവതീ പ്രവേശന വിഷയം ഫലപ്രദമായി ഉതി കത്തിക്കാന്‍ പ്രതിപക്ഷത്തിനായോ എന്നറിയാന്‍ ഫലപ്രഖ്യാപനം വരെ കാത്തിരിക്കാം.

നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമല വിഷയം ഇക്കുറി ആരംഭിച്ചത് ദേവസ്വം മന്ത്രിയായ കടകംപള്ളിയുടെ മാപ്പു പറച്ചിലില്‍ നിന്നുമാണ്. കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ മാപ്പ് ചോദിച്ചത്. എന്നാല്‍ ഇത് പാര്‍ട്ടി തള്ളി. ഇതോടെ പ്രതിപക്ഷം കാത്തിരുന്ന സമയം എത്തുകയായിരുന്നു.

ശബരിമല വിഷയത്തില്‍ യു ടേണ്‍ അടിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിലെ പൊരുത്തക്കേടുകളും തുറന്നടിച്ചു. ആചാരങ്ങളെ സംരക്ഷിക്കുന്നെങ്കില്‍ കോടതിയില്‍ നേരത്തേ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാവുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ ഇതുവരെ സര്‍ക്കാരിനോ ഇടത് പാര്‍ട്ടികള്‍ക്കോ ആയിട്ടില്ല. ഇത് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേതു പോലെ ഇടത് മുന്നണിക്ക് അപ്രതീക്ഷിത അടി നല്‍കിയേക്കാം എന്ന് കരുതുന്നവരുമുണ്ട്.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.