കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു: സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍; കൂത്തുപറമ്പില്‍ യുഡിഎഫ് ഹര്‍ത്താല്‍

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു: സിപിഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍; കൂത്തുപറമ്പില്‍ യുഡിഎഫ് ഹര്‍ത്താല്‍

കണ്ണൂര്‍: പോളിംഗിന് പിന്നാലെ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം. കണ്ണൂര്‍ കടവത്തൂരില്‍ സിപിഎം - മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മന്‍സൂര്‍ (22) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തിലാണ് മന്‍സൂറിന് വെട്ടേറ്റത്. ഇയാളുടെ സഹോദരന്‍ മുഹ്‌സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മന്‍സൂറിന്റെ കൊലയില്‍ പ്രതിഷേധിച്ച് കൂത്തുപറമ്പില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സിപിഎം കേന്ദ്രങ്ങളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആളുകളെ ഓപ്പണ്‍ വോട്ട് ചെയ്യിക്കാന്‍ എത്തിച്ചതിനെ സിപിഎം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പിന്നാലെ കടവത്തൂര്‍ ഭാഗത്തെ 150,149 ബൂത്തുകളില്‍ വലിയ തോതിലുള്ള വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

കൊലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ 150-ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. പോളിംഗിനിടെ തന്നെ മുഹ്‌സിന് നേരെ ഭീഷണിയുണ്ടായിരുന്നു. വൈകിട്ട് പോളിംഗ് കഴിഞ്ഞ് മുഹ്‌സിന്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഒളിച്ചിരുന്ന അക്രമിസംഘം ബോംബ് എറിഞ്ഞ ശേഷം വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഈ ആക്രമണത്തിനിടെ മുഹ്‌സിന്റെ സഹോദരനായ മന്‍സൂറിനും വെട്ടേല്‍ക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആദ്യം തലശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബോംബേറില്‍ ഒരു സ്ത്രീക്കും പരിക്കേറ്റു.

അക്രമിസംഘത്തിലുണ്ടായിരുന്ന ഷിനോസ് എന്നയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്. കൊലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസി കൂടിയാണ് ഇയാള്‍. സംഘര്‍ഷത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. സിപിഎമ്മിനും മുസ്ലീംലീഗിനും വലിയ സ്വാധീനമുള്ള സ്ഥലമാണ് പാനൂര്‍ മേഖല.

ഇന്നലെ ഉച്ച മുതല്‍ തന്നെ ബൂത്ത് പിടുത്തവും ഓപ്പണ്‍ വോട്ടും അടക്കം പല വിഷയങ്ങളെ ചൊല്ലി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. മന്‍സൂറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്യാന്‍ കണ്ണൂരില്‍ നിന്നുള്ള അന്വേഷണ സംഘം ഒന്‍പത് മണിയോടെ കോഴിക്കോട്ട് എത്തും എന്നാണ് വിവരം. കോഴിക്കോട് മെഡി.കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.