'ഞാന്‍ സിപിഎം അനുഭാവി; മകനെ വെട്ടിയത് എന്റെ കണ്‍മുന്നില്‍ വെച്ച്': മന്‍സൂറിന്റെ പിതാവ് മുസ്തഫ

'ഞാന്‍ സിപിഎം അനുഭാവി; മകനെ വെട്ടിയത് എന്റെ കണ്‍മുന്നില്‍ വെച്ച്': മന്‍സൂറിന്റെ പിതാവ് മുസ്തഫ

കണ്ണൂര്‍: ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്ന് പാനൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്റെ പിതാവ് മുസ്തഫ. മകന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനല്ല. തന്റെ കണ്‍മുന്നില്‍ വെച്ചാണ് മകനെ ആക്രമിച്ചത്. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി 7.55-ഓടെയാണ് ആക്രമണം നടന്നതെന്നും ബോംബേറില്‍ തന്റെ കാലിനും സാരമായി പരിക്കേറ്റെന്നും മുസ്തഫ പറഞ്ഞു.

അതിനിടെ, പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികള്‍ ഉപയോഗിച്ച നാല് ബൈക്കുകളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. സംഘത്തില്‍ ഉള്‍പ്പെട്ട 11 പേരെ കുറിച്ച് വിവരം ലഭിച്ചു. കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് വാളും കണ്ടെടുത്തു.

ഇന്നലെ രാവിലെ ഓപ്പണ്‍ വോട്ട് ചെയ്യുന്നവരെ വാഹനങ്ങളില്‍ എത്തിച്ചത് സംബന്ധിച്ച് പോളിംഗ് ബൂത്തിന് സമീപം സി.പി.എം-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് സിപിഎം പ്രവര്‍ത്തകന്‍ വാട്സാപ്പിലൂടെ ഭീഷണി സ്റ്റാറ്റസ് പുറത്തുവിട്ടത്.

രാത്രി സുഹൈല്‍ എന്ന സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് ഇരുപതോളം പേരടങ്ങുന്ന സംഘം മുഹ്സിനെ തിരഞ്ഞെത്തിയത്. തുടര്‍ന്ന് ബോംബെറിഞ്ഞ ശേഷം വീടിന് മുന്നിലുണ്ടായിരുന്ന മന്‍സൂറിനെ ആക്രമിക്കുകയായിരുന്നു. സഹോദരന്‍ മുഹ്സിനും വെട്ടേറ്റു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചെയോടെ മന്‍സൂര്‍ മരിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.