കൂട്ടലും കിഴിക്കലുമായി മുന്നണികള്‍; കുറഞ്ഞത് 80 സീറ്റുകളെന്ന് എല്‍ഡിഎഫ്, അധികാരം തിരിച്ച് പിടിക്കുമെന്ന് യുഡിഎഫ്

കൂട്ടലും കിഴിക്കലുമായി മുന്നണികള്‍; കുറഞ്ഞത് 80 സീറ്റുകളെന്ന് എല്‍ഡിഎഫ്, അധികാരം തിരിച്ച് പിടിക്കുമെന്ന് യുഡിഎഫ്

കൊച്ചി : പോളിംഗ് ദിനത്തിന്റെ പിറ്റേന്ന് മുന്നണികള്‍ക്ക് കൂട്ടലിന്റെയും കിഴിക്കലിന്റെയും അവകാശ വാദങ്ങളുടെയും ദിവസമാണ്. ആ പതിവ് ഇത്തവണയും തെറ്റിയില്ല. ചരിത്രം തിരുത്തി തുടര്‍ ഭരണമുണ്ടാകുമെന്ന് എല്‍ഡിഎഫും അധികാരം തിരിച്ചു പിടിക്കുമെന്ന് യുഡിഎഫും കണക്കുകള്‍ ചൂണ്ടിക്കാണിച്ച് വിലയിരുത്തുന്നു. മികച്ച മുന്നേറ്റം ഉറപ്പെന്നും പല മണ്ഡലങ്ങളിലും അട്ടിമറി വിജയം നേടുമെന്നുമാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ കണക്കുകൂട്ടല്‍.

നിലവിലെ സാഹചര്യത്തില്‍ 80 സീറ്റുകള്‍ക്ക് മുകളില്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് ഇടത് ദേശീയ നേതാക്കളുടെ വിലയിരുത്തല്‍. അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം 90 കടക്കുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

എന്നാല്‍, തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും അവസാന ദിവസങ്ങളിലുണ്ടായ മുന്നേറ്റം നേരിയ മാര്‍ജിനിലാണെങ്കിലും അധികാരം തിരിച്ചു പിടിക്കാന്‍ സഹായകരമാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇരട്ടവോട്ട് വിഷയം കത്തിപ്പടര്‍ന്നതും ഇരട്ട വോട്ടുകള്‍ പരമാവധി മരവിപ്പിക്കുകയും കള്ളവോട്ടുകള്‍ തടയുകയും ചെയ്തിട്ടും പോളിംഗ് ശതമാനം കുറയാതിരുന്നതും അനുകൂല ഘടകയായാണ് യുഡിഎഫ് കാണുന്നത്. അഴിമതി, സ്വര്‍ണക്കടത്ത് ആരോപണം, നിയമന ക്രമക്കേട് തുടങ്ങിയവയ്ക്കെതിരായ ജനവികാരവും പുതിയ വോട്ടര്‍മാരുടെ നിലപാടും തങ്ങള്‍ക്കനുകൂലമാണെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം.

2016 ലെ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തൂത്തുവാരിയ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ തങ്ങള്‍ ശക്തമായ തിരിച്ചുവരവു നടത്തും. യു.ഡി.എഫിന് മുന്‍തൂക്കമുള്ള മധ്യകേരളത്തില്‍ മേധാവിത്വം തുടരും. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന വടക്കന്‍ കേരളത്തിലും കാര്യമായ നേട്ടമുണ്ടാക്കുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം. പോളിംഗ് ദിനത്തില്‍ ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രസ്താവനയെച്ചൊല്ലിയുണ്ടായ കോലാഹലങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമായിട്ടുണ്ടെന്നും യുഡിഎഫ് നേതൃത്വം വിലയിരുത്തുന്നു.

എന്നാല്‍ ഭരണത്തുടര്‍ച്ചയ്ക്കുള്ള വോട്ടാണ് ശതമാനക്കണക്കില്‍ പ്രതിഫലിക്കുന്നതെന്നാണ് എല്‍ഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. മുന്‍കാലങ്ങളില്‍ പോളിംഗ് കൂടുന്നത് യുഡിഎഫിന് അനുകൂലമായിരുന്നെങ്കില്‍ ശക്തമായ ഭരണവിരുദ്ധ വികാരമില്ലാത്തതിനാല്‍ അത് തങ്ങള്‍ക്ക് അനുകൂലമാകും. മധ്യ കേരളത്തിലും കഴിഞ്ഞ തവണ വന്‍ നേട്ടമുണ്ടാക്കിയ ചില ജില്ലകളിലും വലിയ തോതിലുള്ള മാര്‍ജിന്‍ ഉണ്ടാകില്ലെങ്കിലും കേരള കോണ്‍ഗ്രസ് എമ്മിന്റെ സഹായത്തോടെ യുഡിഎഫിന്റെ ചില പരമ്പരാഗത സീറ്റുകളില്‍ കൂടി ജയിച്ചുകയറാമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ദേശീയ നേതാക്കളെത്തി പ്രചാരണ രംഗം കൊഴുപ്പിച്ച ബിജെപിയും ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ശബരിമല വികാരം സര്‍ക്കാരിനെതിരെ തിരിയുമെന്നും കാലാകാലങ്ങളായി ഇടത്, വലത് മുന്നണികളിലായി ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയത്തിന് വരുന്ന മാറ്റം തങ്ങള്‍ക്ക് അനുകൂലമാകുമെന്നും അവര്‍ അവകാശപ്പെടുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.