കണ്ണൂര്‍: കൂത്തുപറമ്പില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറില്‍ തകര്‍ന്ന കാലില്‍ നിന്ന് ചോര വാര്‍ന്നെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ഇടത് കാല്‍മുട്ടിന് താഴെയുണ്ടായ പരിക്ക് ഗുരുതരമായതിനാല്‍ തൊട്ടടുത്ത തലശേരിയിലെയും വടകരയിലെയും ആശുപത്രികളില്‍ തുന്നിച്ചേര്‍ക്കാന്‍ പറ്റിയില്ല. പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇരുപത്തിരണ്ടുകാരനായ മന്‍സൂറിനെ അച്ഛന്റെ മുന്നില്‍ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘര്‍ഷത്തില്‍ വെട്ടേറ്റ മന്‍സൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍ മുഹ്‌സിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. മുഹ്‌സിന്‍ ഇവിടെ 150ാം നമ്പര്‍ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു.
ഇന്നലെ ഉച്ചയോടെ പോളിംഗിനിടെ മുക്കില്‍പീടിക ഭാഗത്ത് ലീഗ്-സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മുഹ്‌സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികള്‍ എത്തിയത്. ആക്രമണത്തിനിടയില്‍ മുഹ്‌സിനെ രക്ഷിക്കാനെത്തിയ സഹോദരനായ മന്‍സൂറിനും വെട്ടേല്‍ക്കുകയായിരുന്നു.
രാഷ്ട്രീയ കൊലപാതകമെന്ന് സ്ഥിരീകരിച്ച പൊലീസ് ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു. പത്ത് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. തലശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.