ന്യൂഡല്‍ഹി: ഞായറാഴ്ച മുതല്‍ സ്വകാര്യ, സര്‍ക്കാര്‍ തൊഴിലിടങ്ങളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാകും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യമായി വാക്സിന്‍ ലഭിക്കും. എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് പണം ഈടാക്കും. ഒരാളില്‍ നിന്ന് ഒരു ഡോസിന് 250 രൂപയായിരിക്കും ഈടാക്കുക.
വാക്സിന്‍ സ്വീകരിക്കാന്‍ യോഗ്യതയുളള 100 ജീവനക്കാരെങ്കിലും ഉളള ഓഫീസുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ സെഷന്‍ നടത്താമെന്ന് കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു. നിലവിലുളള ഒരു വാക്സിനേഷന്‍ സെന്ററുമായി യോജിപ്പിച്ചായിരിക്കണം ഇവിടങ്ങളില്‍ വാക്സിനേഷന്‍ നടത്തേണ്ടതെന്നും നിര്‍ദേശമുണ്ട്.
45 വയസിന് മുകളിലുളള ജീവനക്കാര്‍ക്ക് മാത്രമേ നിലവില്‍ ഓഫീസിലെ കോവിഡ് വാക്സിനേഷന്‍ സെന്ററില്‍ നിന്ന് കുത്തിവെപ്പെടുക്കാന്‍ സാധിക്കൂ. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ പുറത്തുനിന്നുളളവര്‍ക്ക് ഇത് ലഭ്യമാകില്ല. വാക്സിന്‍ എടുക്കണമെന്ന് ആഗ്രഹിക്കുന്ന ജീവനക്കാര്‍ കുത്തിവെപ്പിന് മുന്നോടിയായി കോവിന്‍ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴിലിടത്തിലെ ജീവനക്കാര്‍ക്ക് മാത്രം ഓണ്‍ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.
കളക്ടര്‍ അധ്യക്ഷനായ ജില്ലാതല കര്‍മസമിതിയാണ് തൊഴിലിട വാക്സിനേഷന്‍ കേന്ദ്രത്തിന് അനുമതി നല്‍കുക. തൊഴിലിടത്തിലെ മുതിര്‍ന്ന ജീവനക്കാരനെ മാനേജ്മെന്റ് നോഡല്‍ ഓഫീസറായി നിയമിക്കണം. രജിസ്ട്രേഷന്‍, വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍, ജില്ലാ ആരോഗ്യവകുപ്പുമായുളള ഏകോപനം തുടങ്ങിയ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കേണ്ടത് നോഡല്‍ ഓഫീസറാണ്.
തൊഴില്‍ സ്ഥലങ്ങളില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്നത് ജീവനക്കാര്‍ക്ക് സൗകര്യപ്രദമാണെന്ന് മാത്രമല്ല, യാത്ര കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.