മന്‍സൂര്‍ വധം: അന്വേഷണം ക്രൈംബ്രാഞ്ചിന്; സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു

മന്‍സൂര്‍ വധം: അന്വേഷണം ക്രൈംബ്രാഞ്ചിന്; സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് പാനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ഇസ്മായില്‍ നേതൃത്വം നല്‍കും. അന്വേഷണ സംഘത്തില്‍ 15 പേര്‍ വഉണ്ടാകുമെന്നും സമാധാന യോഗത്തിനു ശേഷം സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. സിപിഎം പാര്‍ട്ടി ഓഫിസുകള്‍ക്കു നേരെ ഉണ്ടായ ആക്രമണങ്ങളും അന്വേഷിക്കും. മന്‍സൂര്‍ കൊലക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ ഒളിവലാണെന്നും ഇളങ്കോ പറഞ്ഞു.


അതിനിടെ പാനൂരിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. മന്‍സൂര്‍ വധക്കേസില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതാക്കള്‍ യോഗം ബഹിഷ്‌കരിച്ചത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും നാട്ടുകാര്‍ പിടികൂടി കൈമാറിയ പ്രതിയെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും മറ്റുപ്രതികളെ പിടികൂടാത്തത് പ്രതിഷേധാര്‍ഹമാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

പോലീസില്‍നിന്ന് നീതി ലഭിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല. കൊലക്കേസിലെ പ്രതികളെ പിടികൂടാതെ സിപിഎം ഓഫീസുകള്‍ ആക്രമിച്ചെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയാണ്. പോലീസ് ജീപ്പിലിട്ടും സ്റ്റേഷനില്‍ വെച്ചും ലീഗ് പ്രവര്‍ത്തകരെ മര്‍ദിച്ചു.

വ്യാഴാഴ്ച എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ട കുട്ടിയെ പോലും പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മന്‍സൂറിന്റെ മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഈ കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. കെഞ്ചി പറഞ്ഞിട്ടും കുട്ടിയെ വിട്ടയച്ചില്ലെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

ക്രമസമാധാന നില തകരാതിരിക്കാനുള്ള എല്ലാശ്രമങ്ങളുമായും യുഡിഎഫ് സഹകരിക്കുമെന്നും എന്നാല്‍ മന്‍സൂര്‍ വധക്കേസിലെ പ്രതികളെ പിടികൂടാത്ത പോലീസിനെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവി തുടങ്ങിയവരാണ് യോഗം ബഹിഷ്‌കരിച്ച ശേഷം യുഡിഎഫിന്റെ നിലപാട് വിശദീകരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.