കോവിഡിനിടെ പരീക്ഷ; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കോവിഡിനിടെ പരീക്ഷ; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായതിനിടെ പരീക്ഷ നടത്തുന്ന സി.ബി.എസ്.ഇ അടക്കമുള്ള പരീക്ഷാ ബോര്‍ഡുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സി.ബി.എസ്.ഇ പോലുള്ള ബോര്‍ഡുകളുടെ നിരുത്തരവാദിത്വമാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

'കൊറോണ നമ്മുടെ രാജ്യത്തെ വീണ്ടും നശിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ പരീക്ഷകളുടെ അധിക സമ്മര്‍ദ്ദം കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കുട്ടികളോടുള്ള അനുകമ്പ പ്രതിഫലിപ്പിക്കുന്ന മാറ്റം വേണം. നിലവിലെ സാഹചര്യത്തില്‍ വിദ്യാര്‍ഥികളെ പരീക്ഷക്ക് ഹാജരാക്കുന്നത് സി.ബി.എസ്.ഇ പോലുള്ള ബോര്‍ഡുകളുടെ നിരുത്തരവദിത്വമാണ്. പരീക്ഷകള്‍ റദ്ദാക്കുകയോ പുനക്രമീകരിക്കുകയോ ചെയ്യണം. അല്ലെങ്കില്‍ തിരക്കേറിയ പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികള്‍ നേരിട്ട് വരേണ്ടതില്ലാത്ത രീതിയില്‍ ക്രമീകരിക്കണം' -പ്രിയങ്ക ട്വിറ്ററില്‍ പറഞ്ഞു.

കോവിഡ് വ്യാപനം തീവ്രമായ സമയത്ത് 10, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. പരീക്ഷ മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് ഒരു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഒപ്പിട്ട ഓണ്‍ലൈന്‍ ഹർജി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, പരീക്ഷ മാറ്റിവെക്കില്ലെന്നായിരുന്നു സി.ബി.എസ്.ഇ, ഐ.എസ്.സി ബോര്‍ഡുകളുടെ പ്രതികരണം.
 

അതേസമയം പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്‌ഇ ഇ-പരീക്ഷാ പോര്‍ട്ടല്‍ സേവനം ഒരുക്കിയിരിക്കുകയാണ് . മെയ്‌ നാലിന് ആരംഭിക്കുന്ന പരീക്ഷയുടെ കേന്ദ്രം, പരീക്ഷ തീയതികള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍ എന്നീ വിവരങ്ങള്‍ക്ക് പുറമെ എഴുത്ത് പരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ എന്നിവയുടെ കേന്ദ്രം മാറ്റുന്നതിനും പ്രാക്ടിക്കല്‍ പരീക്ഷാ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനും 12-ാം ക്ലാസ്സ് പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാനുമുള്ള സൗകര്യം പോര്‍ട്ടലില്‍ ലഭ്യമാണ്.

https://www.cbse.gov.in/newsite/index.html എന്ന ലിങ്ക് വഴി ഈ സേവനം ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.