എല്ലാവര്‍ക്കും വാക്‌സിന്‍; മാസ്‌ വാക്‌സിനേഷന്‌ 'ക്രഷിങ് ദ കര്‍വ്' പദ്ധതി: ആരോഗ്യമന്ത്രി കെ. കെ ശൈലജ

എല്ലാവര്‍ക്കും വാക്‌സിന്‍; മാസ്‌ വാക്‌സിനേഷന്‌ 'ക്രഷിങ് ദ കര്‍വ്' പദ്ധതി: ആരോഗ്യമന്ത്രി കെ. കെ ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ വാക്സിനേഷന്‍ പദ്ധതി വിപുലപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. 'ക്രഷിങ് ദ കര്‍വ്' എന്ന പേരില്‍ മാസ് വാക്സിനേഷന്‍ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. യോഗ്യരായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കും.

വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും. ആവശ്യമുള്ളത്രയും വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 60 വയസ്സിന് മുകളില്‍ പ്രായമുള്ള നല്ല ശതമാനം ആളുകള്‍ക്കും വാക്സിന്‍ നല്‍കി. ശേഷിക്കുന്നവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ വാക്സിന്‍ ഉറപ്പുവരുത്തും. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച തരത്തിലാവും വാക്സിന്‍ വിതരണത്തിലെ മുന്‍ഗണന.

തിരഞ്ഞെടുപ്പ് കാലത്ത് വലിയ ആള്‍ക്കൂട്ടം ഉണ്ടായി. പല സ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഏപ്രില്‍ മാസം നിര്‍ണായകമാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന് നേരിയ കോവിഡ് ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും മന്ത്രി അറിയിച്ചു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. എല്ലാവരും കോവിഡിനെതിരെ ജാഗ്രത വർധിപ്പിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 11 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സര്‍വേ വ്യക്തമാക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 89 ശതമാനം പേര്‍ക്ക് രോഗം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കോവിഡ് വ്യാപനം മുന്നില്‍ കണ്ട് ശക്തമായ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ ആശുപത്രികളിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ആവശ്യമെങ്കില്‍ സിഎഫ്‌എല്‍ടികള്‍ സജ്ജീകരിക്കും- ആരോഗ്യമന്ത്രി പറഞ്ഞു'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.