സോഷ്യൽ മീഡിയ പ്രവർത്തകനു നേരെ മത സംഘടനയുടെ പേരിൽ ഗുണ്ടാ ആക്രമണം

സോഷ്യൽ മീഡിയ പ്രവർത്തകനു നേരെ മത സംഘടനയുടെ പേരിൽ  ഗുണ്ടാ ആക്രമണം

തൃശൂർ : സോഷ്യൽ മീഡിയയിലെ എഴുത്തിലൂടെയും യൂട്യൂബ് വീഡിയോയിലൂടെയും ശക്തമായ പ്രതികരണങ്ങൾ നടത്താറുള്ള ഷിജുമോൻ തങ്കപ്പന് നേരെ ഗുണ്ടാ ആക്രമണം. മുരിയാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എമ്പറർ ഇമ്മാനുവൽ സീയോൻ ചർച്ച എന്ന സംഘത്തിനെതിരെ, സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചതിന്റെ പേരിൽ ഇദ്ദേഹത്തിനെതിരെ സംഘാനുകൂലികൾ കൊടുത്ത കേസിൽ കോടതി ജാമ്യം അനുവദിച്ചിരിക്കെയാണ് ഈ ആക്രമണം നടന്നത്.

രണ്ടു ദിവസം മുൻപ് ഷിജുമോനും കുടുംബവും വീട്ടിലില്ലാത്ത സമയത്തു ചിലർ വീടിനകത്തേക്ക് നായ്ക്കരുണപ്പൊടി വിതറിയിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ഷിജുമോനെ മാള ഗവൺമെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. അക്രമികൾ, 'നീ എമ്പറർ എമ്മാനുവലിനെതിരെ എഴുതും അല്ലേടാ' എന്ന് ചോദിച്ചാണ് തന്നെ ആക്രമിച്ചതെന്ന് ഷിജുമോൻ പറയുന്നു. കത്തോലിക്കാസഭയിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന കൾട്ട് ഗ്രൂപ്പായി അറിയപ്പെടുന്ന സംഘമാണ് എമ്പറർ ഇമ്മാനുവൽ.

ആത്മീയ സംവിധാനങ്ങൾ നല്ലതോ ചീത്തയോ എന്ന് നോക്കാതെ സോഷ്യൽ മീഡിയയിൽ ആക്ഷേപം കേൾക്കാറുണ്ട്. ക്രൈസ്തവ സമൂഹങ്ങൾ പൊതുവെ തങ്ങളുടെ ഭാഗം വിശദീകരിക്കുമെങ്കിലും തങ്ങൾക്കെതിരെ തിരിയുന്നവരെ ആക്രമിക്കാറില്ല. എന്നാൽ എമ്പറർ ഇമ്മാനുവൽ സംഘത്തിനെതിരെ പ്രതികരിക്കുന്നവരെ ഗുണ്ടാ സംഘങ്ങൾ ആക്രമിച്ചു നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നതായി നിരവധിപേർ ആരോപണമുന്നയിച്ചിട്ടുണ്ട്. അതിൽ അവസാനത്തേതാണ് ഷിജുമോന്റെ ആക്രമണം.

പോലീസ് ഈ വിഷയം നിഷ്പക്ഷമായി അന്വേഷിക്കുമെന്നും അക്രമികൾ ആരായാലും പൊതുസമൂഹത്തിന്റെ മുൻപിൽ കൊണ്ടുവരുമെന്നും ഷിജുമോനെ അനുകൂലിക്കുന്ന സോഷ്യൽ മീഡിയ പ്രവർത്തകർ പ്രത്യാശ പ്രകടിപ്പിച്ചു. ആരോപണത്തെക്കുറിച്ചു എമ്പറർ ഇമ്മാനുവൽ ചർച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.