ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; 44 സീറ്റുകളിലേക്ക് ഇന്ന് ജനവിധി

ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; 44 സീറ്റുകളിലേക്ക് ഇന്ന് ജനവിധി

കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. വടക്കൻ ബംഗാളിലെ രണ്ടും തെക്കൻ ബംഗാളിലെ മൂന്നും ജില്ലകളിലെ 44 സീറ്റുകളാണ് പോളിങ് ബൂത്തിലെത്തുന്നത്. 373 സ്ഥാനാർഥികൾ മൽസരരംഗത്തുണ്ട്.

ഹൗറയിലെ നാലും ഹൂഗ്ലിയിലെ 10ഉം സൗത്ത് 24 പർഗാനയിലെ 11ഉം അലിപൂർ ദ്വൗറിലെ അഞ്ചു കൂച്ച് ബിഹാറിലെ ഒമ്പതും മണ്ഡലങ്ങൾ നാലാം ഘട്ടത്തിൽ ഉൾപ്പെടും. കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ, അരൂപ് ബിശ്വാസ്, നടി പായൽ സർക്കാർ, രത്ന ചാറ്റർജി, ലോക്കറ്റ് ചാറ്റർജി അടക്കം ബി.ജെ.പി, തൃണമൂൽ കോൺഗ്രസ്, സി.പി.എം പ്രമുഖരാണ് ജനവിധി തേടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44ൽ 39 മണ്ഡലങ്ങളിൽ വിജയിച്ചത് തൃണമൂൽ കോൺഗ്രസായിരുന്നു. മൂന്നിടത്ത് സി.പി.എമ്മും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്തിരുന്നു.

വോട്ടെടപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൂച്ച് ബിഹാറിലും അലിപൂർ ദ്വാറിലുമാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൗറയിലും നേരിയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം സംഘർഷ സാഹചര്യം കണക്കിലെടുത്ത് 793 കമ്പനി അർധ സൈനികരെ വിന്യസിച്ചിട്ടുണ്ട്.

അഞ്ചാംഘട്ടം ഏപ്രിൽ 17നും ആറാംഘട്ടം ഏപ്രിൽ 22നും ഏഴാംഘട്ടം ഏപ്രിൽ 26നും എട്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.