ലോകായുക്തയ്‌ക്കെതിരെ ജലീല്‍ ഹൈക്കോടതിയിലേക്ക്; വീണ്ടും കുരുക്കായി യോഗ്യതാ മാനദണ്ഡം മാറ്റാന്‍ ആവശ്യപ്പെടുന്ന കത്തും പുറത്തായി

ലോകായുക്തയ്‌ക്കെതിരെ ജലീല്‍ ഹൈക്കോടതിയിലേക്ക്; വീണ്ടും കുരുക്കായി യോഗ്യതാ മാനദണ്ഡം മാറ്റാന്‍ ആവശ്യപ്പെടുന്ന കത്തും പുറത്തായി

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരായ കുരുക്ക് വീണ്ടും മുറുകുന്നു. അനധികൃത നിയമനവുമായി ബന്ധപ്പെട്ട് ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത വിധിക്കു പിന്നാലെ തന്റെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് യോഗ്യതാ മാനദണ്ഡം മാറ്റാന്‍ ആവശ്യപ്പെട്ട് മന്ത്രി നല്‍കിയ കത്തും പുറത്തായി. എന്നാല്‍ യോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കെ.ടി ജലീല്‍.

മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റം വരുത്താനാണ് കത്ത് നല്‍കിയത്. ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയ്ക്ക് അനുസരിച്ച് ഈ തസ്തിക മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. മന്ത്രിയായി ചുമതലയേറ്റ് ഏതാണ്ട് രണ്ട് മാസമായപ്പോഴാണ് ഇത്തരത്തില്‍ കത്ത് നല്‍കിയത്.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2013 ജൂണ്‍ 29 മുതല്‍ കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നു. ഈ ഉത്തരവില്‍ മറ്റം വരുത്തണണെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 2016 ജൂലൈ 26 ന് ജിഐഡി സെക്രട്ടറിക്ക് മന്ത്രി കത്ത് നല്‍കിയത്.

ജനറല്‍ മാനേജറുടെ യോഗ്യത ബിടെക് വിത്ത് പിജിഡിബിഎ എന്ന് കൂടി മാറ്റി യോഗ്യത നിശ്ചയിക്കണമെന്നാണ് ജലീല്‍ ആവശ്യപ്പെട്ടത്. മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബിന്റെ യോഗ്യതയാണ് ബിടെക്കും പിജിഡിബിഎയും. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ യോഗ്യത മാറ്റി നിശ്ചയിച്ചു സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.

ലോകായുക്തയ്ക്ക് മുന്നില്‍ ഈ കത്ത് കൃത്യമായ തെളിവായി എത്തിയതാണ് മന്ത്രി കെ.ടി ജലീല്‍ അധികാരദുര്‍വിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ബോധ്യപ്പെടാനുണ്ടായ കാര്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത ആക്ട് സെക്ഷന്‍ 14 പ്രകാരം മന്ത്രി കെ.ടി ജലീലിനെ നീക്കണമെന്ന ഉത്തരവിലേക്ക് നയിച്ചതും.

അതിനിടെ മന്ത്രി കെ ടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന ലോകായുക്ത വിധിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം ഇന്നുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് ചികിത്സയിലായതിനാല്‍ അദ്ദേഹവുമായി ആലോചിച്ച് നിയമമന്ത്രി എ.കെ ബാലന്‍ നിലപാട് അറിയിക്കും.അതേസമയം ജലീലിന്റെ രാജിയ്ക്കായി പ്രതിപക്ഷം നീക്കം ശക്തമാക്കി.

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെ ടി അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി. മന്ത്രിയെന്ന നിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ജലീലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് കിട്ടിയാല്‍ മൂന്നുമാസത്തിനുളളില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കണമെന്നാണ് നിയമം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടി ലോകായുക്തയെ അറിയിക്കണം. തീരുമാനം തൃപ്തികരമല്ലെങ്കില്‍ ലോകായുക്ത വിഷയം ഗവര്‍ണറെ പ്രത്യേക റിപ്പോര്‍ട്ട് വഴി അറിയിക്കണം. ആ റിപ്പോര്‍ട്ട് ഗവര്‍ണര്‍ നിയമസഭയുടെ പരിഗണനയ്ക്ക് വയ്ക്കണമെന്നുമാണ് കേരള ലോകായുക്ത ആക്ടില്‍ പറയുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.