കേരളത്തില്‍ ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചത് 45 ലക്ഷം പേര്‍ മാത്രം; രോഗവ്യാപനം തീവ്രമായേക്കാമെന്ന് ആശങ്ക

 കേരളത്തില്‍ ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചത് 45 ലക്ഷം പേര്‍ മാത്രം;  രോഗവ്യാപനം തീവ്രമായേക്കാമെന്ന് ആശങ്ക

തിരുവനന്തപുരം: രോഗ വ്യാപനം കൂടുമ്പോഴും കോവിഡ് വാക്‌സിനേഷന്‍ മന്ദഗതിയില്‍ തുടരുന്നത് കേരളത്തിന് ഭീഷണിയാകുന്നു.

ജനുവരി 16ന് തുടങ്ങിയ ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സീന്‍ നല്‍കിയത്. പ്രതിദിനം 13,300 പേര്‍ക്ക് കുത്തിവയ്പ് നല്‍കാന്‍ ഉദ്ദേശിച്ചെങ്കിലും അത് നടന്നില്ല. ഇപ്പോഴും വാക്‌സീനെടുക്കാത്ത ആരോഗ്യ പ്രവര്‍ത്തകരുണ്ട്. രണ്ടാം ഘട്ടത്തില്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസ് കഴിഞ്ഞ മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കി തുടങ്ങി. ഇതിനൊപ്പം തെരഞ്ഞെടുപ്പ് ജോലി ഉള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വാക്‌സീന്‍ നല്‍കി തുടങ്ങി. ഈ ഘട്ടത്തില്‍ കേരളത്തില്‍ ആദ്യ ദിവസങ്ങളില്‍ വലിയ തിരക്കായിരുന്നെങ്കിലും പിന്നീട് അതും കുറഞ്ഞു.

പഞ്ചായത്തുകളില്‍ അതാത് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാസ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് എല്ലാവരേയും കുത്തിവയ്‌പെടുപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാല്‍ എത്രത്തോളം പേര്‍ സഹകരിക്കുമെന്നതില്‍ വ്യക്തതയില്ല. വാക്‌സീന്റെ ഗുണം, വാക്‌സീനെടുത്താലും രോഗം വരുന്ന സാഹചര്യം, വാക്‌സിനോടുള്ള പേടി ഇക്കാര്യങ്ങളിലെല്ലാം ജനത്തെ ബോധവല്‍കരിക്കാന്‍ സര്‍ക്കാരിനിതുവരെ കഴിഞ്ഞിട്ടില്ലെന്നത് തിരിച്ചടിയാണ്.

വാക്‌സിനേഷന്‍ തുടങ്ങി മൂന്ന് മാസം പൂര്‍ത്തിയാകാറാകുന്ന ഈ സമയത്ത് കേരളത്തില്‍ ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചത് 45 ലക്ഷം പേര്‍ മാത്രമാണ്. ഈ കണക്ക് 80 ശതമാനത്തിനും മുകളിലെത്തിക്കാനായില്ലെങ്കില്‍ കൊവിഡ് വ്യാപന തീവ്രത കുറയ്തക്കാനാകില്ലെന്നത് യാഥാര്‍ഥ്യം.

രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ വാക്‌സീനെടുക്കാത്തവരെ കണ്ടെത്തി കുത്തിവയ്പ്പ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. 18 വയസ് മുതലുള്ളവര്‍ക്കും വാക്‌സീന്‍ നല്‍കാനുള്ള അനുമതി തരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.