ഡോളര്‍ കടത്ത് കേസ്: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് തിരുവനന്തപുരത്തെ വസതിയിലെത്തി ചോദ്യം ചെയ്തു

ഡോളര്‍ കടത്ത് കേസ്:  സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് തിരുവനന്തപുരത്തെ വസതിയിലെത്തി ചോദ്യം ചെയ്തു

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ് വെള്ളിയാഴ്ച സ്പീക്കറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വസതിയിലെത്തി ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സ്പീക്കറെ വിളിച്ച് അനുവാദം ചോദിച്ചശേഷമാണ് ഉദ്യോഗസ്ഥരെത്തിയത്. എഴുതി തയ്യാറാക്കിയ ചോദ്യങ്ങള്‍ ചോദിച്ചശേഷം ഉദ്യോഗസ്ഥര്‍ മടങ്ങി. സ്പീക്കറുടെ ഓഫിസ് ഇക്കാര്യം സ്ഥീരീകരിച്ചു.

ഒരു മണിക്കൂറോളം ഉദ്യോഗസ്ഥര്‍ വസതിയിലുണ്ടായിരുന്നു. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. വിശദമായ ചോദ്യം ചെയ്യലാകും ഞായറാഴ്ച നടക്കുക. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്നാണ് വിവരം.

ഡോളര്‍ കടത്ത് കേസില്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഡോളര്‍ കടത്തിയെന്നും ഗള്‍ഫിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിക്ഷേപിച്ചെന്നുമാണ് ഇരുവരുടേയും മൊഴി.

ഡോളര്‍ അടങ്ങിയ ബാഗ് പി. ശ്രീരാമകൃഷ്ണന്‍ കൈമാറിയതായി സ്വപ്ന സുരേഷും സരിത്തും മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ പണമടങ്ങിയ ബാഗ് നല്‍കിയിട്ടില്ലെന്ന് ശ്രീരാമകൃഷ്ണന്‍ കസ്റ്റംസിനെ അറിയിച്ചു.

യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി 2019 ഓഗസ്റ്റില്‍ മസ്‌കത്ത് വഴി കയ്‌റോയിലേക്ക് 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയെന്ന കേസിലാണു സ്പീക്കറോട് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതി കരാറിനായി യൂണിടാക് ബില്‍ഡേഴ്‌സ് നല്‍കിയ 3.8 കോടി രൂപയുടെ കോഴപ്പണത്തിലെ ഒരു ഭാഗം യുഎസ് ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കേസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.