കർഷക സമരം വീണ്ടും ശക്തം; അതിവേഗപാത ഉപരോധിച്ച്‌ കർഷകർ

കർഷക സമരം വീണ്ടും ശക്തം; അതിവേഗപാത ഉപരോധിച്ച്‌ കർഷകർ

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം കര്‍ഷകര്‍ വീണ്ടും ശക്തമാക്കുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷക സംഘടനകളുടെ ആവശ്യത്തിൽ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഡല്‍ഹിക്ക് ചുറ്റുമുള്ള കെ.എം.പി അതിവേഗപാത കര്‍ഷകര്‍ ഉപരോധിക്കുകയാണ്. 24 മണിക്കൂര്‍ നീളുന്ന ഉപരോധം ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു. പാര്‍ലമെന്റ് കാല്‍നട ജാഥക്ക് മുന്നോടിയായാണ് ഉപരോധം സംഘടിപ്പിച്ചിരിക്കുന്നത്.

കുണ്ഡ്​ലി - മനേസര്‍ - പല്‍വാല്‍ അതിവേഗ പാതയിലെ ടോള്‍ പ്ലാസ ഉപരോധത്തിന് നൂറുകണക്കിന് കര്‍ഷകരാണ് എത്തിയിരിക്കുന്നത്. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ കടത്തി വിടുന്നുണ്ട്. ഏപ്രില്‍ 13ന്​ ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ ബൈശാഖി ആഘോഷം സംഘടിപ്പിക്കും. ഏപ്രില്‍ 14ന്​ ഭരണഘടന ശില്‍പ്പി ബി.ആർ അംബേദ്കറിന്റെ ജന്മദിനത്തില്‍ സംവിധാന്‍ ബച്ചാവോ ദിവസ്​ (ഭരണഘടന സംരക്ഷണ ദിനം) ആചരിക്കാനും പദ്ധതിയുണ്ട്.

കേന്ദ്രത്തിന്റെ മൂന്ന്​ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2020 നംവബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകള്‍ പ്രതിഷേധിക്കുകയാണ്​. കര്‍ഷകര്‍ സമരം നിര്‍ത്തി പോയി എന്ന് സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, കര്‍ഷകര്‍ വയലുകളില്‍ കൃഷി ചെയ്യാന്‍ പോയതാണെന്നും അധികൃതര്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് തിരക്കില്‍നിന്ന് ഒഴിവാകുമ്പോൾ മടങ്ങിയെത്തുമെന്നുമാണ് ഇതിനോട് ഭരതീയ കിസാന്‍ യൂണിയൻ പ്രതികരിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്നും കിസാന്‍ യൂണിയൻ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.