ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ക്ഷാമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും.
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ രോഗ സാഹചര്യം മോശമാക്കിയെന്നും വാക്‌സിന്‍ കയറ്റുമതി ചെയ്തത് ഇന്ത്യയില്‍ ക്ഷാമത്തിനു കാരണമായെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യ വാക്‌സിന്‍ ക്ഷാമം നേരിടുമ്പോള്‍ കയറ്റുമതി തല്‍ക്കാലം നിര്‍ത്തിവയ്ക്കണമെന്നു രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു സോണിയ. പരിശോധനയ്ക്കും പിന്തുടരലിനും വാക്‌സിനേഷനും മുന്‍ഗണന കൊടുക്കണം. മരുന്ന്, വെന്റിലേറ്റര്‍ എന്നിവ ഉറപ്പാക്കണം.
മോഡി സര്‍ക്കാരിന്റെ തെറ്റായ ഇടപെടല്‍ കാര്യങ്ങള്‍ മോശമാക്കി. വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തത് ഇന്ത്യയില്‍ ക്ഷാമത്തിനു കാരണമായി. ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന യോഗങ്ങളും തിരഞ്ഞെടുപ്പ് റാലികളും ഒഴിവാക്കണം. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും സോണിയ പറഞ്ഞു.
പാവങ്ങളെയാണു കോവിഡ് മോശമായി ബാധിക്കുന്നതെന്നു രാഹുല്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ആവശ്യമുള്ളവര്‍ക്കെല്ലാം വാക്‌സീന്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് രാഹുല്‍ കത്തയച്ചിരുന്നു. വാക്‌സീന്‍ ഉല്‍പാദനത്തില്‍ രാജ്യം മുന്നേറിയെങ്കിലും പിടിപ്പുകേടും അശ്രദ്ധയും മൂലം വിതരണം അവതാളത്തിലായി.
ജനസംഖ്യയുടെ ഒരു ശതമാനത്തിനു മാത്രമാണ് ഇതുവരെ രണ്ട് ഡോസ് ലഭ്യമാക്കിയത്. ഈ രീതിയില്‍ പോയാല്‍ 75 ശതമാനം പേര്‍ക്കു വാക്‌സീന്‍ നല്‍കാന്‍ വര്‍ഷങ്ങളെടുക്കും. വാക്‌സീന്‍ വിതരണത്തില്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കണം. ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് സഹായം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു.
ഉല്‍പാദക കമ്പനികളില്‍നിന്നു വിദേശ രാജ്യങ്ങള്‍ക്കു വാക്‌സിന്‍ വാങ്ങാമെന്നിരിക്കെ, സംസ്ഥാനങ്ങള്‍ക്ക് ഈ സ്വാതന്ത്ര്യം വിലക്കുന്നതാണ് കേന്ദ്രത്തിന്റെ വാക്‌സീന്‍ നയത്തിനെതിരായ പ്രധാന പരാതി. തുടക്കം മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം കേന്ദ്ര സംവിധാനം വഴിയാണ്.
രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ, തെലങ്കാന, പഞ്ചാബ് എന്നീ സര്‍ക്കാരുകള്‍ ഇതിനെതിരെ രംഗത്തെത്തി. വാക്‌സിന്‍ ലഭ്യതക്കുറവാണു സംസ്ഥാനങ്ങളുടെ പ്രശ്‌നം. ഒഡീഷയില്‍ നൂറുകണക്കിനു വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. സ്റ്റോക്ക് ഇല്ലെന്നും കൂടുതല്‍ ഡോസ് അനുവദിക്കണമെന്നും മഹാരാഷ്ട്രയും രാജസ്ഥാനും ആവശ്യപ്പെട്ടു. കേരളത്തിലും ശേഖരം കുറവാണ്.
എന്നാല്‍ കേന്ദ്രത്തിനെതിരെ ആക്ഷേപമുന്നയിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രധാനമന്ത്രി ഉയര്‍ത്തിയത്. എത്ര വാക്‌സീന്‍ ഉല്‍പാദിപ്പിച്ചെന്ന് നിങ്ങള്‍ക്കറിയാം. ഒരു രാത്രി കൊണ്ടു ഫാക്ടറികള്‍ ഒരുക്കാനാവില്ല. ലഭ്യമായ സ്റ്റോക്കിന് അനുസരിച്ചു പരിഗണന നിശ്ചയിക്കണം. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്കു വാക്‌സിന്‍ ഡോസ് കൂടുതല്‍ നല്‍കണമെന്ന ചിന്ത ശരിയല്ല.
മുഴുവന്‍ രാജ്യത്തെക്കുറിച്ചാണു ഞങ്ങള്‍ ചിന്തിക്കുന്നത്. വാക്‌സിന്‍ പാഴാക്കി കളയുന്നതു കുറയ്‌ക്കേണ്ടതുണ്ട്. പരിശോധന മറക്കുകയും വാക്‌സിനേഷനിലേക്കു കടക്കുകയുമാണു പലരും ചെയ്തത്. വാക്‌സിന്‍ ഇല്ലാതെ തന്നെ കോവിഡിനെ നമ്മള്‍ പരാജയപ്പെടുത്തിയിരുന്നു എന്നത് മറക്കരുതെന്നും മോഡി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.