കൊച്ചി: നഗരത്തിലെ വിവിധ ആഡംബര ഹോട്ടലുകളില്‍ നിശാ പാര്‍ട്ടിക്കിടെ സംസ്ഥാന എക്‌സൈസും കസ്റ്റംസും നര്‍ക്കോട്ടിക് സെല്ലും നടത്തിയ പരിശോധനയില്‍ ഡിസ്‌കോ ജോക്കിയടക്കം നാലുപേര്‍ അറസ്റ്റില്‍. എംഡിഎംഎയും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ കണ്ടെടുത്തു. പാര്‍ട്ടികളില്‍ വ്യാപകമായി ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്
കൊച്ചിയിലെ അഞ്ച് ആഡംബര ഹോട്ടലുകളില്‍ പരിശോധന നടത്തിയത്.
ശനിയാഴ്ച രാത്രി ഹോട്ടലുകളില്‍ നടന്ന നിശാപാര്‍ട്ടികളിലേക്ക് ഇടിച്ചുകയറിയായിരുന്നു പരിശോധന. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, തൃക്കാക്കര എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകളില്‍ രാത്രി 11.20ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ നാലു വരെ തുടര്‍ന്നു. പാര്‍ട്ടികളിലെത്തിയവരുടെ കയ്യില്‍ ലഹരിമരുന്നുണ്ടോ എന്നായിരുന്നു ആദ്യ പരിശോധന. പരിശോധനയ്ക്ക് ശേഷം ഓരോരുത്തരെയായി വിട്ടയച്ചു. രണ്ടു ഹോട്ടലുകളിലെ റെയ്ഡില്‍ ചെറിയ തോതിലുള്ള ലഹരിമരുന്നുകള്‍ മാത്രമാണ് കണ്ടെത്താനായത്. ഹോട്ടലുകളിലെ മുറികള്‍ കേന്ദ്രീകരിച്ചു പരിശോധന തുടര്‍ന്നപ്പോഴാണ് ചക്കരപറമ്പിലെ ആഡംബര ഹോട്ടലില്‍നിന്ന് എംഡിഎംഎയും തിരിച്ചറിഞ്ഞിട്ടില്ലാത്ത കെമിക്കല്‍ ഡ്രഗുകളുമടക്കം ചിലര്‍ പിടിയിലായത്.
കസ്റ്റഡിയിലെടുത്തവരെ രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയും ബെംഗളുരുവില്‍ സ്ഥിരതാമസക്കാരനുമായ ഡിസ്‌കോ ജോക്കി അന്‍സാര്‍, നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരുടെ അറസ്റ്റാണ് എക്‌സൈസ് രേഖപ്പെടുത്തിയത്.
നിശാ പാര്‍ട്ടിയ്ക്കായി എത്തി മുറിയെടുത്ത് ലഹരിമരുന്ന് ഉപയോഗിക്കുകയായിരുന്നു ഇവര്‍. കസ്റ്റംസ് ഡോഗ് സ്‌ക്വാഡിലെ സ്‌നിഫര്‍ ഡോഗാണ് ലഹരിമരുന്ന് മണംപിടിച്ച് കണ്ടെത്തിയത്. നഗരത്തിലെ ലഹരിമരുന്ന് പാര്‍ട്ടികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും വരുംദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും കസ്റ്റംസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.