ജലീലിന്റെ ബന്ധുനിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; യോഗ്യതയില്‍ മാറ്റം വരുത്താനുള്ള ഉത്തരവില്‍ പിണറായിയും ഒപ്പിട്ടു

ജലീലിന്റെ ബന്ധുനിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; യോഗ്യതയില്‍ മാറ്റം വരുത്താനുള്ള ഉത്തരവില്‍ പിണറായിയും ഒപ്പിട്ടു

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ. നിയമനവുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖ് പുറത്തുവന്നു. നിയമനത്തിനുള്ള യോഗ്യതയില്‍ മാറ്റംവരുത്താനുള്ള ഉത്തരവിലാണ് മുഖ്യമന്ത്രി ഒപ്പിട്ടത്. 2016 ഓഗസ്റ്റ് ഒമ്പതിനാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടത്.

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരെ നിയമിക്കുന്നതിന് നേരത്തെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. ആ അഭിമുഖത്തില്‍ പലരും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദീബ് അഭിമുഖത്തില്‍ ഹാജരായിരുന്നില്ല. പിന്നീട് ഈ പോസ്റ്റിന് പുതിയ യോഗ്യത നിശ്ചയിക്കുകയായിരുന്നു.

യോഗ്യതയില്‍ മാറ്റംവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി കെ.ടി. ജലീല്‍ പൊതുഭരണ സെക്രട്ടറിക്ക് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും ഫയലില്‍ ഒപ്പിട്ടിരുന്നു എന്ന വിവരം പുറത്തുവരുന്നത്.


2013 ജൂണ്‍ 29-നുള്ള പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജരുടെ വിദ്യാഭ്യാസ യോഗ്യത, ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്പെഷ്യലൈസേഷനുള്ള എം.ബി.എ. അല്ലെങ്കില്‍ സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ്.

ഇത് തിരുത്തി ബിരുദവും മാര്‍ക്കറ്റിങ് ആന്‍ഡ് ഫിനാന്‍സില്‍ സ്പെഷ്യലൈസേഷനുള്ള എം.ബി.എ അല്ലെങ്കില്‍ എച്ച്.ആര്‍./സി.എസ്./സി.എ./ഐ.സി.ഡബ്ല്യു.എ.ഐ./ബി.ടെക് വിത്ത് പി.ജി.ഡി.ബി.എയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും എന്ന് മാറ്റി ഉത്തരവിറക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇത് അദീബിനു വേണ്ടിയായിരുന്നു എന്നാണ് ആരോപണം.

ഒരു തസ്തികയുടെ യോഗ്യതകള്‍ പരിഷ്‌കരിക്കാന്‍ നടപടിക്രമങ്ങളുണ്ട്. ബന്ധപ്പെട്ട വകുപ്പില്‍നിന്നുണ്ടാകുന്ന നിര്‍ദേശങ്ങള്‍ വിദഗ്ധസമിതിയുടെ പരിശോധനയ്ക്ക് വിധേയമാക്കണം. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗ്യതാ പരിഷ്‌കാരത്തിനുള്ള ശുപാര്‍ശ തയ്യാറാക്കേണ്ടത്.

ഇതിന് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പിന്റെയും നിയമ വകുപ്പിന്റെയും അനുമതി വേണം. പി.എസ്.സിക്കു വിട്ട തസ്തികയാണെങ്കില്‍ പി.എസ്.സിയുമായും കൂടിയാലോചന നടത്തണം. ഇതെല്ലാം ലംഘിക്കപ്പെട്ടെന്നാണ് ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.